വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ സൗദിയിൽ നിന്ന് കേരളത്തിലേക്ക് 24 വിമാനങ്ങൾ; റിയാദില്‍ നിന്ന് സര്‍വീസില്ല

വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ സൗദിയിൽ നിന്ന് കേരളത്തിലേക്ക് 24 വിമാനങ്ങൾ; റിയാദില്‍ നിന്ന് സര്‍വീസില്ല

വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ സൗദിയിൽ നിന്ന് 24 വിമാനങ്ങൾ കേരളത്തിലേക്ക് സര്‍വീസ് നടത്തും.ഇന്ത്യയിലേക്ക് മടങ്ങാൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത ഒന്നേകാൽ ലക്ഷത്തോളം പേരിൽ നാൽപ്പതിനായിരം പേര്‍ ഇതിനകം നാട്ടിലേക്ക് മടങ്ങിയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

ഈ മാസം 15 മുതൽ 31 വരെ 42 വിമാനങ്ങളാണ് വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ ഇന്ത്യയിലേക്ക് സർവീസ് നടത്തുക. ഇതിൽ 24 വിമാന സർവീസുകളാണ് ദമ്മാമിൽ നിന്നും ജിദ്ദയിൽ നിന്നുമായി കേരളത്തിലേക്കുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങളിലേക്ക് ആറു സർവീസ് വീതമാണുള്ളത്. എന്നാൽ നാലാം ഘട്ടത്തിൽ സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിൽ നിന്ന് ഒരു സർവീസും ഇന്ത്യയിലേക്കില്ല.

Read Also വന്ദേഭാരത് മിഷന്‍; യുകെയിലേക്ക് 14 അധിക വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ https://metrojournalonline.com/national/2020/07/13/air-india-announces-14-additional-flights-to-uk.html

അതേസമയം ദമ്മാമിൽ നിന്ന് ഈ മാസം 16ന് കൊച്ചിയിലേക്കും 17ന് കോഴിക്കോട്ടേക്കും പോകുന്ന വന്ദേഭാരത് മിഷന്റെ എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ  vmbriyadh@gmail.com എന്ന ഈമെയിലിൽ ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു. അടിയന്തരമായി നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമുള്ള വ്യക്തികൾക്ക് ഈ വിമാനങ്ങളിൽ യാത്ര ചെയ്യാനായി അൽ ഖോബാറിലെ എയർ ഇന്ത്യ ഓഫീസിൽ നിന്ന് നാളെ മുതൽ നേരിട്ടെത്തി ടിക്കറ്റ് റ്റിക്കറ്റെടുക്കാമെന്നും എംബസി അറിയിച്ചു. ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും ടിക്കറ്റ് നൽകുക. നാട്ടിലേക്കു മടങ്ങാനായി എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം ഇവരെന്നും നിബന്ധനയുണ്ട്.

Share this story