വിദേശങ്ങളിൽനിന്ന് ദിവസേന 10,000 തീർഥാടകർക്ക് അനുമതി

Share with your friends

മക്ക: വിദേശ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തോളം ഉംറ തീർഥാടകർക്ക് വീതം ദിവസേന അനുമതി നൽകുമെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് വ്യക്തമാക്കി. ഇന്നു മുതൽ ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ ദിവസേന ഇരുപതിനായിരം പേർക്ക് ഉംറ അനുമതി നൽകാനാണ് തീരുമാനം. ഇതിൽ പകുതിയോളം പേർ സൗദി അറേബ്യക്കകത്തുനിന്നും അവശേഷിക്കുന്നവർ വിദേശങ്ങളിൽ നിന്നുമുള്ളവരാകും. വിദേശ തീർഥാടകരുടെ എണ്ണം വിസ അനുവദിക്കൽ അടക്കം വിദേശ തീർഥാടകരുടെ നടപടിക്രമങ്ങൾ വിദേശ ഏജന്റുമാർ പൂർത്തിയാക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.

പടിപടിയായി ഉംറയും സിയാറത്തും പുനരാരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ഇന്നു മുതൽ ദിവസേന 20,000 പേർക്ക് ഉംറ നിർവഹിക്കാനും 60,000 പേർക്ക് വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും 19,500 പേർക്ക് മസ്ജിദുന്നബവി സിയാറത്തിനും റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനും പെർമിറ്റുകൾ അനുവദിക്കും.
ഉംറ തീർഥാടകരെ വഹിച്ചുള്ള ആദ്യ വിമാനം ഇന്ന് ജിദ്ദ എയർപോർട്ടിലെത്തും. ഇന്തോനേഷ്യയിൽ നിന്നുള്ള തീർഥാടകരെ വഹിച്ചുള്ള വിമാനമാണ് ആദ്യമായി കിംഗ് അബ്ദുൽഅസീസ് അന്താരാഷ്ട്ര എയർപോർട്ടിലെത്തുക. വിമാനത്താവളത്തിൽ അടുത്തിടെ ആരംഭിച്ച ഹജ്, ഉംറ മന്ത്രാലയ ഓഫീസ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് തീർഥാടകർക്ക് ആവശ്യമായ സഹായങ്ങളും സേവനങ്ങളും ചെയ്തുകൊടുക്കുകയും ആരോഗ്യ നടപടികൾ പാലിക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ചെയ്യും.

തീർഥാടകർ വരുന്ന രാജ്യങ്ങളിലെ കൊറോണ വ്യാപന തോത്, ഓരോ രാജ്യത്തെയും രോഗമുക്തി നിരക്ക്, ബാധകമാക്കിയ മുൻകരുതൽ നടപടികൾ, പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള ശേഷിയുടെ വ്യാപ്തിയും പ്രതികരണ വേഗവും എന്നീ കാര്യങ്ങളിൽ ഊന്നിയാണ് ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് ഉംറ വിസ അനുവദിക്കുകയെന്ന കാര്യം തീരുമാനിക്കുക. ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ എന്നീ രാജ്യങ്ങളിൽ നിന്നാണ് മുൻ വർഷങ്ങളിൽ ഏറ്റവും കൂടുതൽ ഉംറ തീർഥാടകർ എത്തിയിരുന്നത്.

മുമ്പു നിലവിലുള്ള പോലെ തന്നെ ഉംറ വിസ കാലാവധി 30 ദിവസമാകും. ഓരോ ഉംറ പാക്കേജിലും തീർഥാടകർ രാജ്യത്ത് തങ്ങുന്ന ദിവസം പ്രത്യേകം നിർണയിച്ചിരിക്കും. സാധാരണയിൽ മക്കയിലും മദീനയിലുമുള്ള താമസം അടക്കം പത്തു ദിവസത്തിൽ കവിയാത്ത പാക്കേജുകൾ ആണ് ഭൂരിഭാഗം തീർഥാടകരും തെരഞ്ഞെടുക്കാറ്.

വിദേശ ഉംറ തീർഥാടകരെ സ്വീകരിക്കാൻ വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. തീർഥാടകരെ സ്വീകരിക്കുന്നതിന് ജിദ്ദ എയർപോർട്ട് ഒന്നാം നമ്പർ ടെർമിനലിൽ തുറന്ന ഹജ്, ഉംറ മന്ത്രാലയ ഓഫീസ് ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുമെന്നും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. വിദേശങ്ങളിൽ നിന്നുള്ള തീർഥാടകർ മക്കയിലെ ഹോട്ടലുകളിൽ മൂന്നു ദിവസം ഐസൊലേഷൻ പാലിക്കൽ നിർബന്ധമാണ്. ഐസൊലേഷൻ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമാണ് ഇവർക്ക് ഉംറ അനുമതി നൽകുക. ഹോട്ടലുകളുടെ പത്തു ശതമാനം ഐസൊലേഷനു വേണ്ടി പ്രത്യേകം നീക്കിവെച്ചിട്ടുണ്ട്.

മൂന്നാം ഘട്ട പദ്ധതിയനുസരിച്ച് ഒരേ സമയം 3,300 പേർക്കാണ് ഉംറ നിർവഹിക്കാൻ അനുമതി നൽകുക. ഇതിൽ 1,666 ഓളം പേർ വിദേശ തീർഥാടകരാകും. ഓരോ ഗ്രൂപ്പിനും തീർഥാടന കർമം നിർവഹിക്കാൻ മൂന്നു മണിക്കൂർ സമയമാണ് അനുവദിക്കുക. ‘ഇഅ്തമർനാ’ ആപ്പ് അംഗീകരിക്കുന്ന സമയക്രമം അനുസരിച്ചാണ് തീർഥാടക ഗ്രൂപ്പുകളെ ഹറമിലെത്തിക്കുക. ഉംറ, സിയാറത്ത് പുനരാരംഭിക്കൽ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലെയും ഹജ് കാലത്തെയും അനുഭവ സമ്പത്ത് മൂന്നാം ഘട്ടത്തിൽ ഹജ്, ഉംറ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും പ്രയോജനപ്പെടുത്തും. ആരോഗ്യ പ്രോട്ടോകോളുകൾ നടപ്പാക്കിയതിനാൽ ഉംറ, സിയാറത്ത് പുനരാരംഭിക്കൽ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലും ഹജ് കാലത്തും തീർഥാടകർക്കിടയിൽ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. കൊറോണ കേസുകൾ കണ്ടെത്തുന്ന പക്ഷം ആവശ്യമായ പരിചരണങ്ങളും ചികിത്സകളും നൽകുന്നതിനുള്ള ശേഷി ആരോഗ്യ മേഖല ഉയർത്തിയിട്ടുണ്ട്. സമഗ്ര ഇൻഷുറൻസ് സേവനം തീർഥാടകർക്ക് മികച്ച ചികിത്സയും മടക്കയാത്രാ സർവീസുകൾക്ക് കാലതാമസം നേരിടുന്ന പക്ഷം ആവശ്യമായ സഹായങ്ങളും ഉറപ്പാക്കുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!