തനിക്കെതിരെയുള്ള കൊലപാതക കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് യു.എസ് ഫെഡറല്‍ കോടതിയില്‍ മുഹമ്മദ് ബിന്‍ സല്മാന്
റിയാദ് : കൊലപാതകശ്രമം ആരോപിച്ച് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് തനിക്കെതിരെ നല്കിയ പരാതി തള്ളണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് വാഷിംഗ്ടണിലെ യു.എസ് ഫെഡറല്‍ കോടതിയോട് ആവശ്യപ്പെട്ടു.
മുഹമ്മദ് ബിന്‍ സല്‍മാനു മേല്‍ നടപടിയെടുക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് സൗദി രാജകുമാരന്റെ അഭിഭാഷകന് മൈക്കല്‍ കെല്ലോഗ് പറഞ്ഞു. വാദിക്കെതിരെയുള്ള മോഷണകുറ്റത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സൗദി രാജകുമാരനെതിരെ കൊലക്കേസ് നല്‍കിയതെന്നും അഭിഭാഷകന് പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിലാണ് കാനഡയില്‍ താമസിക്കുന്ന സൗദി മുന്‍ രഹസ്യാന്വേഷണ മേധാവി സാദ് അല്‍ ജബ്രി, സല്മാന് രാജകുമാരനെതിരെ കൊലപാതക ശ്രമം ആരോപിച്ച് കേസ് നല്‍കുന്നത്. 2018-ല്‍ സൗദി കിരീടാവകാശി തന്നെ കൊല്ലാന്‍ ‘ഒരു ഹിറ്റ് സ്ക്വാഡിനെ’ അയച്ചിരുന്നെന്നും എന്നാല്‍ കാനഡ അധികൃതര്‍ അത് പരാജയപ്പെടുത്തുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.
2001-നും 2015-നും ഇടയില്‍ അല്‍-ജബ്രി സൗദി ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നപ്പോള്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 11 ബില്യണ്‍ ഡോളര്‍ മോഷ്ടിച്ചിരുന്നു എന്നാണ് ബിന്‍ സല്മാന് പറയുന്നത്. മോഷണത്തില്‍ അല്‍ ജബ്രിയുടെ കുടുംബത്തിനും പങ്കുണ്ടെന്ന് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പറയുന്നു.
സൗദി മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫുമായി അടുപ്പമുള്ള അല്‍-ജബ്രി ബിന്‍ സല്‍മാനെ കിരീടാവകാശിയായി അവരോധിച്ച 2017-ല്‍ നാടുവിടുകയാണുണ്ടായത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
