ഇന്റർനെറ്റ് ഡൗൺലോഡ് സ്പീഡ് 22 ശതമാനം സൗദിയിൽ വർധിച്ചു

ഇന്റർനെറ്റ് ഡൗൺലോഡ് സ്പീഡ് 22 ശതമാനം സൗദിയിൽ വർധിച്ചു

റിയാദ്: കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ ഇന്റർനെറ്റ് ഡൗൺലോഡ് സ്പീഡ് 22.53 ശതമാനം തോതിൽ വർധിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ അറിയിച്ചു.

ഈ വർഷം ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം സൗദിയിൽ ശരാശരി മൊബൈൽ ഇന്റർനെറ്റ് ഡൗൺലോഡ് സ്പീഡ് സെക്കന്റിൽ 119.52 എം.ബിയാണ്. ഇന്റർനെറ്റ് ഡൗൺലോഡ് സ്പീഡിൽ ഏറ്റവും മുന്നിൽ സൗദി ടെലികോം കമ്പനിയാണ്. എസ്.ടി.സിയിൽ ശരാശരി ഡൗൺലോഡ് സ്പീഡ് സെക്കന്റിൽ 130.84 എം.ബിയാണ്. രണ്ടാം സ്ഥാനത്തുള്ള സെയ്ൻ കമ്പനിയിൽ ഇത് 102.27 എം.ബിയും മൂന്നാം സ്ഥാനത്തുള്ള മൊബൈലിയിൽ 99.29 എം.ബിയുമാണ്.

ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഇന്റർനെറ്റ് സ്പീഡിൽ മുന്നിൽ സലാം കമ്പനിയാണ്. സെക്കന്റിൽ 113.33 എം.ബിയാണ് സലാം കമ്പനിയിൽ ശരാശരി ഇന്റർനെറ്റ് ഡൗൺലോഡ് സ്പീഡ്. രണ്ടാം സ്ഥാനത്തുള്ള മൊബൈലിയിൽ ഇത് 90.08 എം.ബിയും മൂന്നാം സ്ഥാനത്തുള്ള സെയ്ൻ കമ്പനിയിൽ 89.85 എം.ബിയും ആണ്. റിയാദ്, അൽഖസീം, ഹായിൽ, ഉത്തര അതിർത്തി പ്രവിശ്യ, അൽജൗഫ്, തബൂക്ക്, മക്ക, അൽബാഹ, ജിസാൻ, നജ്‌റാൻ, കിഴക്കൻ പ്രവിശ്യകളിൽ മൊബൈൽ ഇന്റർനെറ്റ് ഡൗൺലോഡ് സ്പീഡിൽ എസ്.ടി.സിയാണ് മുന്നിൽ. മദീനയിൽ സെയ്ൻ കമ്പനിയും അസീർ പ്രവിശ്യയിൽ മൊബൈലിയുമാണ് ഇന്റർനെറ്റ് ഡൗൺലോഡ് സ്പീഡിന്റെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കമ്പനികൾ.

ഡാറ്റയുടെയും സൂചകങ്ങളുടെയും ഫലങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് ടെലികോം വിപണിയിൽ സുതാര്യതാ നിലവാരം ഉയർത്തൽ അടക്കമുള്ള സംവിധാനങ്ങളിലൂടെ ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകാൻ പ്രേരിപ്പിച്ച് ടെലികോം കമ്പനികൾക്കിടയിൽ മത്സരം പ്രോത്സാഹിപ്പിക്കാൻ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ പ്രവർത്തിക്കുന്നു.

Share this story