യു എ ഇയുടെ ആദ്യ ചാന്ദ്ര പര്യവേഷണം: റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പ്രധാന കർത്തവ്യങ്ങൾ പ്രഖ്യാപിച്ചു

യു എ ഇയുടെ ആദ്യ ചാന്ദ്ര പര്യവേഷണം: റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പ്രധാന കർത്തവ്യങ്ങൾ പ്രഖ്യാപിച്ചു

അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്ന യു എ ഇ, ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമാകുന്ന റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പ്രധാന കർത്തവ്യങ്ങൾ പുറത്ത് വിട്ടു. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പര്യവേഷണത്തിന്റെ ഭാഗമായി പഠനവിധേയമാക്കുന്ന വിഷയങ്ങളും, ലക്ഷ്യങ്ങളുമാണ് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഡിസംബർ 14-ന് അറിയിച്ചത്.

നവംബർ 25-നാണ് യു എ ഇ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്നതായി പ്രഖ്യാപിച്ചത്. ഈ പര്യവേഷണത്തിന്റെ ഭാഗമായി, പൂർണ്ണമായും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ നിർമ്മിക്കുന്ന ഒരു ചെറു ചന്ദ്രയാത്ര പേടകം ചന്ദ്രോപരിതല പഠനങ്ങൾക്കായി വിക്ഷേപിക്കപ്പെടുന്നതാണ്.

ചന്ദ്രനിലെത്തിയ ശേഷം ഈ പേടകം ലക്ഷ്യമിടുന്ന കർത്തവ്യങ്ങളാണ് ഇപ്പോൾ സ്പേസ് സെന്റർ അറിയിച്ചിട്ടുള്ളത്.

ഇതുവരെ നിരീക്ഷണപഠനങ്ങൾക്ക് വിധേയമാകാത്ത, ചന്ദ്രന്റെ മധ്യരേഖയോട് ചേർന്ന പ്രദേശത്ത് ഇറങ്ങുന്നതിനാണ് ഈ പേടകം ലക്ഷ്യമിടുന്നത്. പേടകം തുടർന്ന് ഈ മേഖലയിലെ പ്രദേശങ്ങൾ സമഗ്രമായി പഠിക്കുന്നതാണ്.

ചന്ദ്രോപരിതലത്തിൽ നിന്നുള്ള നൂതനമായ വിവരങ്ങൾ, സൂക്ഷ്മാന്വേഷണ വസ്തുതകള്‍, ദൃശ്യങ്ങൾ എന്നിവ ശേഖരിക്കും.

ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച് സമഗ്രമായ പഠനംനടത്തും . ഇതിന് പുറമെ, ചന്ദ്രോപരിതലത്തിലെ താപസംബന്ധിയായ സ്വഭാവങ്ങള്‍ പഠനവിധേയമാക്കുകയും, ചന്ദ്രോപരിതലത്തിനു ചുറ്റും കാണുന്ന പ്ലാസ്മ ആവരണത്തെ സവിസ്തരം അപഗ്രഥിക്കുകയും ചെയ്യുന്നതാണ്.

ചന്ദ്രനിൽ നിന്ന്, സൗരയൂഥത്തിന്റെയും, ഭൂമിയുടെയും ഉത്പത്തിക്ക് കാരണമായ വിവരങ്ങൾ കണ്ടെത്തുന്നതിന് സഹായകമാകുന്ന പദാർത്ഥങ്ങൾ സംബന്ധമായ വസ്തുതകള്‍ ശേഖരിക്കുകയും, പഠിക്കുകയും ചെയ്യുന്നതാണ്.

ഭാവിയിലെ ശൂന്യാകാശ ദൗത്യങ്ങളിൽ ഉപയോഗിക്കാവുന്ന നൂതന സാങ്കേതികവിദ്യകളും, ഉപകരണങ്ങളും ഈ പേടകം ചാന്ദ്രപര്യവേഷണത്തിന്റെ ഭാഗമായി പരീക്ഷിക്കുന്നതാണ്.

ഈ ചന്ദ്രയാത്ര പേടകത്തിന്റെ നിർമ്മാണം നിലവിൽ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ നടന്നു കൊണ്ടിരിക്കുകയാണ്. 2022-ഓടെ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ ചന്ദ്രയാത്ര പേടകം തുടർന്ന് ഒരു വർഷം സമഗ്രമായി പരിശോധനകൾക്ക് വിധേയമാക്കുന്നതാണ്. 2024-ലാണ് നിലവിൽ ഈ ചാന്ദ്രപര്യവേഷണ പദ്ധതിയുടെ വിക്ഷേപണം പ്രഖ്യാപിച്ചിട്ടുള്ളത്.

Share this story