കുട്ടികൾക്ക് ആസ്ത്മയുണ്ടോ? പേടിക്കണം

കുട്ടികൾക്ക് ആസ്ത്മയുണ്ടോ? പേടിക്കണം

ആസ്ത്മ രോഗം പൊണ്ണത്തടിക്ക് കാരണമാകുന്നുവോ? കുട്ടികളിൽ ചെറുപ്പ കാലത്തുണ്ടാകുന്ന ആസ്ത്മ രോഗം ഭാവിയിൽ അവരെ പൊണ്ണത്തടിയുള്ളവരാക്കുമെന്ന് പഠനം തെളിയിക്കുന്നു. ചെറുപ്പത്തിൽ ആസ്ത്മ രോഗം ബാധിച്ചിരുന്ന 66 ശതമാനം പേർക്കും ഭാവിയിൽ പൊണ്ണത്തടി ഉണ്ടായതായി അമേരിക്കയിലെ സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തി. അതേസമയം പൊണ്ണത്തടി കൂടാതെ ഇക്കൂട്ടരിൽ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയും കണ്ടെത്തി. ആസ്ത്മ രോഗം ബാധിച്ച കുട്ടികൾ കളികളിൽ നിന്നും മറ്റ് ശാരീരിക, കായിക പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതാവാം പൊണ്ണത്തടിക്ക് കാരണമാക്കുന്നതെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.

ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് കുട്ടികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കുമെന്നും വ്യക്തമാക്കുന്നു. ആസ്ത്മ രോഗം മൂലം ചികിൽസയ്ക്കു വിധേയമായ കുട്ടികളിലാണ് കൂടുതലായും പൊണ്ണത്തടി കണ്ടെത്തിയിട്ടുള്ളത്. അന്തരീക്ഷ മലിനീകരണം, പാരമ്പര്യം തുടങ്ങിയ പല കാരണങ്ങൾ കൊണ്ടാണ് കുട്ടികളിൽ ആസ്ത്മ രോഗം സാധാരണഗതിയിൽ ഉണ്ടാകാറുള്ളത്. ഈ രോഗവും പൊണ്ണത്തടിയും തമ്മിൽ ബന്ധമുണ്ടെന്നു കണ്ടെത്തിയതോടെ ഇതു തടയാനും ഫലപ്രദമായ ചികിൽസയ്ക്കുമുള്ള പഠനത്തിന് ഗവേഷക ലോകം തയാറെടുക്കുന്നുണ്ട്. ഒൻപതോളം രാജ്യങ്ങളിൽ നിന്നുള്ള 21,130 കുട്ടികളിലാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

Share this story