ലോക മാനസികാരോഗ്യ ദിനത്തിൽ അറിയാം ഈ വാക്കുകളുടെ പൊരുൾ

ലോക മാനസികാരോഗ്യ ദിനത്തിൽ അറിയാം ഈ വാക്കുകളുടെ പൊരുൾ

ഇന്ന് ഒക്ടോബർ പത്ത്. ലോക മാനസികാരോഗ്യ ദിനം.

ഏതോ ദുർബല നിമിഷത്തിൽ മനസ്സിന്റെയും ചിന്തയുടെയും താളം തെറ്റി അസാധാരണ ചിന്തയിലൂടെയും പ്രവർത്തനത്തിലൂടെയും കടന്നുപോകുന്നവരാണ് മാനസിക വെല്ലുവിളി നേരിടുന്നവർ. ഈ വേളയിൽ, നാം പലപ്പോഴും അറിയാതെ പറഞ്ഞുപോകുന്ന ചില വാക്കുകളുണ്ട്. പക്ഷേ, ആ വാക്കുകളുടെ ആഘാതം നാം ആലോചിക്കുന്നതിനപ്പുറമായിരിക്കും. അത്തരം അരോചക വാക്കുകളെ പറ്റി അറിയാം:

ക്രേസി
ഇന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന വാക്കാണിത്. പ്രത്യേകിച്ച് വികൃതി കുട്ടികളെയും പയ്യന്മാരെയും ഈ വാക്ക് ഉപയോഗിച്ച് വിശേഷിപ്പിക്കുന്നു. വട്ടൻ, ഭ്രാന്തൻ എന്നിങ്ങനെയാണ് ഇവക്ക് അർത്ഥം പറയാറെങ്കിലും 1570ൽ ഇംഗ്ലീഷിൽ ഈ വാക്ക് കടന്നുവന്നത് മറവിരോഗികളെ സൂചിപ്പിക്കാനായിരുന്നു.

ഇൻസേൻ
മാനസിക രോഗികളെ സൂചിപ്പിക്കാനായി മെഡിക്കൽ രംഗത്തുള്ളവർക്ക് മാത്രം ഉപയോഗിക്കാനുള്ള വാക്കായാണ് ഇത് ഇംഗ്ലീഷിൽ രൂപം കൊണ്ടത്. ആളുകളെ ത്രസിപ്പിക്കുന്ന അല്ലെങ്കിൽ അസാധാരണമായ എന്തുകണ്ടാലും ഇൻസേൻ എന്ന് പ്രയോഗിക്കുന്നത് ഇന്ന് കൂടിവരുന്നുണ്ട്. ഇത് തീർച്ചയായും ഒഴിവാക്കേണ്ടതാണ്.

സൈക്കോ
യുവജനങ്ങൾക്കിടയിൽ ഏറെ പ്രചാരമുള്ള വാക്കാണ് സൈക്കോ. സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്ന ആർക്കും ഈ വാക്ക് സുപരിചതവുമാണ്. പ്രത്യേകിച്ചും ടിക്ടോക്കിലും മറ്റും സൈക്കോയുടെ വിളയാട്ടവുമാണ്. ഒരു വ്യക്തിയുടെ പെരുമാറ്റത്തെ മുഴുവൻ ബാധിക്കുന്ന തരത്തിൽ മസ്തിഷ്‌കത്തിലുണ്ടാകുന്ന മാറ്റത്തിന് പറയുന്ന പേരാണ് സൈക്കോ. ഇതുകാരണം ഇവർക്ക് യാഥാർത്ഥ്യലോകവുമായുള്ള ബന്ധം നഷ്ടപ്പെടുന്നു.

നട്ട്സ്
1840ൽ മാനസിക രോഗികളെ സൂചിപ്പിക്കാനായി പ്രചരിച്ച വാക്കാണിത്. ഇന്ന് സാധാരണ സംഭാഷണങ്ങളിൽ പോലും ഈ വാക്കുകൾ കയറിവരുന്നു.

ഫ്രീക്ക്
പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത പ്രയോഗം. വ്യക്തികളുടെ അസാധാരണ ലുക്കോ വളർച്ചയോ ഒക്കെ സൂചിപ്പിക്കാനാണ് ഈ വാക്ക് 1560 മുതൽ ഇംഗ്ലീഷിൽ ഉപയോഗിക്കാൻ ആരംഭിച്ചത്.

ചുരുക്കത്തിൽ, നമ്മുടെ സാധാരണ സംസാരങ്ങളിൽ കടന്നുവരുന്ന ഈ വാക്കുകൾക്കല്ല പ്രശ്നം. മറിച്ച് അവയുടെ ഉപയോഗത്തിനും അവ മറ്റ് വ്യക്തികളിലുണ്ടാക്കുന്ന മാനസിക സംഘർഷത്തിനുമാണ്. അതുകൊണ്ട്, മാനസികാരോഗ്യവുമായി നേരിട്ട് ബന്ധമുള്ള ഈ വാക്കുകളിൽ നമുക്ക് ഇനി മുതൽ നിയന്ത്രണം പാലിക്കാം; ജാഗ്രതയും.

Share this story