ചുളിവകറ്റാനും മുഖം തിളങ്ങാനും ഗ്രീന്‍ ടീ

ചുളിവകറ്റാനും മുഖം തിളങ്ങാനും ഗ്രീന്‍ ടീ

ഗ്രീന്‍ ടീയുടെ ആരോഗ്യ ഗുണങ്ങള്‍ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇതുമാത്രമല്ല, സൗന്ദര്യം സംരക്ഷിക്കാനും മികച്ചതാണ് ഗ്രീന്‍ ടീ. അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങളായ ചുളിവുകള്‍, നേര്‍ത്ത വരകള്‍, പിഗ്മെന്റേഷന്‍, മെലനോമ, നോണ്‍മെലനോമ കാന്‍സര്‍ എന്നിവ തടയാന്‍ ഫലപ്രദമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന നാല് കാറ്റെച്ചിനുകളില്‍ ഒന്നാണ് ഇ.ജി.സി.ജി. ഇത് മുഖക്കുരു തടയാന്‍ സഹായിക്കുന്നു.

ഗ്രീന്‍ ടീയുടെ പ്രയോഗം നിങ്ങളുടെ ചര്‍മ്മത്തിലെ അമിതസെബം നിയന്ത്രിക്കാന്‍ ഗുണം ചെയ്യുന്നു. വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളായ നേര്‍ത്ത വരകളും ചുളിവുകളും തടയാനും ഗ്രീന്‍ ടീ സഹായിക്കുന്നു.

ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നിങ്ങള്‍ക്ക് എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്ന ചില ഗ്രീന്‍ ടീ കൂട്ടുകള്‍ ഇതാ.

മഞ്ഞള്‍, ഗ്രീന്‍ ടീ

നിങ്ങളുടെ മുഖത്തെ കുരുക്കള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് മഞ്ഞള്‍. ഈ ഫെയ്‌സ് പാക്ക് നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് അധിക അഴുക്കും സെബവും നീക്കാനും സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ കടല മാവ്, അര ടീസ്പൂണ്‍ മഞ്ഞള്‍, രണ്ട് ടീസ്പൂണ്‍ ഗ്രീന്‍ ടീ എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 15-20 മിനുട്ട് ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ 1-2 തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

ഓറഞ്ച് തൊലി, ഗ്രീന്‍ ടീ

ആന്റിഏജിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് ഓറഞ്ച് തൊലി. ചര്‍മ്മത്തിലെ കൊളാജന്‍ വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ചര്‍മ്മത്തിലെ ചുളിവ് അകറ്റാന്‍ മികച്ചതാണ് ഈ ഫെയ്‌സ് പാക്ക്. ഒരു ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ, ഒരു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് തൊലി പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ മിശ്രിതമാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി മസാജ് ചെയ്ത് 15 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ 1-2 തവണ ചെയ്യുന്നതിലൂടെ മുഖത്തെ ചുളിവുകള്‍ നിങ്ങള്‍ക്ക് നീക്കാവുന്നതാണ്.

അരിമാവും ഗ്രീന്‍ ടീയും

എണ്ണമയമുള്ള ചര്‍മ്മത്തിന് മികച്ചതാണ് ഈ ഫെയ്‌സ് പാക്ക്. അരിമാവിലെ ഗുണങ്ങള്‍ ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ അരിമാവ്, ഒരു ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് എന്നിവ മിശ്രിതമാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിറ്റ് നേരം വരണ്ടതാക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ 1-2 തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ എണ്ണമയം നീക്കാവുന്നതാണ്.

നാരങ്ങ, ഗ്രീന്‍ ടീ

ഇത് കൃത്യമായ ഒരു ഫെയ്‌സ് പായ്ക്കല്ല, മറിച്ച് ഒരു ടോണര്‍ പോലെയാണ്. എണ്ണമയമുള്ള ചര്‍മ്മത്തിന് ഈ ടോണര്‍ വളരെയധികം ഗുണം ചെയ്യും. നാരങ്ങയിലെ വിറ്റാമിന്‍ സി ഹൈപ്പര്‍ പിഗ്മെന്റേഷനും സൂര്യരശ്മികള്‍ കാരണമുള്ള വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യും. ഒരു ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരില്‍ കലര്‍ത്തുക. ഈ ടോണര്‍ നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 10 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ദിവസവും ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തെ എണ്ണമയം നീക്കാന്‍ സഹായിക്കുന്നതാണ്.

മുള്‍ട്ടാനി മിട്ടി, ഗ്രീന്‍ ടീ

മൃതകോശങ്ങളെയും മുഖത്തെ അധിക എണ്ണയും നീക്കംചെയ്യാനും ചര്‍മ്മത്തിന് തിളക്കം നിലനിര്‍ത്താനും ഈ പായ്ക്ക് മികച്ചതാണ്. ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാനി മിട്ടി, 2-3 ടേബിള്‍സ്പൂണ്‍ ഗ്രീന്‍ ടീ എന്നിവ മിശ്രിതമാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 15-20 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം തണുത്ത വെള്ളത്തില്‍ ഈ മിശ്രിതം കഴുകിക്കളയുക. ആഴ്ചയില്‍ 1-2 തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ മികച്ച ചര്‍മ്മം നിങ്ങള്‍ക്ക് നേടാവുന്നതാണ്.

തേനും ഗ്രീന്‍ ടീയും

ഇത് കൃത്യമായി ഒരു ഫെയ്‌സ് പായ്ക്ക് അല്ല. എങ്കിലും, വരണ്ട ചര്‍മ്മത്തിന് ഇത് ഒരു മികച്ച പ്രതിവിധിയാണ്. തേന്‍ ഒരു എമോലിയന്റ് ആണ്. ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും പോഷിപ്പിക്കാനും സഹായിക്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ എന്നിവ യോജിപ്പിച്ച് നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 15-20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ ചര്‍മ്മത്തെ മികച്ചതാക്കാവുന്നതാണ്.

Share this story