അനൂപിന്റെ ഹോട്ടല്‍ നടത്തിപ്പ് മയക്കുമരുന്ന് കച്ചവടത്തിനുവേണ്ടിയെന്ന് ഇ.ഡി

അനൂപിന്റെ ഹോട്ടല്‍ നടത്തിപ്പ് മയക്കുമരുന്ന് കച്ചവടത്തിനുവേണ്ടിയെന്ന് ഇ.ഡി

ബെംഗളുരു: അനൂപിന്റെ ഹോട്ടല്‍ നടത്തിപ്പ് മയക്കുമരുന്ന് കച്ചവടത്തിനുവേണ്ടിയെന്ന് ഇ.ഡി. മയക്കുമരുന്ന് കച്ചവടവും പാർട്ടികളും ലക്ഷ്യമിട്ടാണ് അനൂപ് മുഹമ്മദ് ബെംഗളുരുവിലെ കല്യാൺ നഗറിലെ ഹോട്ടൽ നടത്തിപ്പ് ഏറ്റെടുത്തതെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തിൽ കണ്ടെത്തി. മാസങ്ങളായി അനൂപിന്റെയും സംഘത്തിന്റെയും ഹോട്ടൽ കേന്ദ്രീകരിച്ചുളള മയക്കുമരുന്ന് ഇടപാടുകൾ നിരീക്ഷിച്ചതിന് ശേഷമാണ് എൻ.സി.ബി. പിടികൂടുന്നത്. ഈ ഹോട്ടൽ നടത്തിപ്പിനായി ബിനീഷ് അനൂപിനെ ബിനാമിയാക്കി പണം മുടക്കിയെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരിക്കുന്നത്.

അനൂപ് മുഹമ്മദും മറ്റുരണ്ടുപേരും ചേർന്ന് കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത് 25 ലക്ഷം രൂപ മുൻകൂർ നൽകി, മൂന്നരലക്ഷം രൂപ പ്രതിമാസ വാടയ്ക്കാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹോട്ടലുടമകളുമായി കരാർ വെച്ചത്. അനൂപ് ഹോട്ടലിന്റെ 205-ാം നമ്പർ മുറിയിൽ താമസവും തുടങ്ങി. ബിനീഷ് കോടിയേരി അടക്കമുളള നിരവധി പ്രമുഖർ ഇവിടെ സന്ദർശകരായി എത്തിയിട്ടുണ്ടെന്ന് അനൂപ് അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിട്ടുണ്ട്. വിദേശികളും ഇവിടെ വന്നുപോയി. കൂടാതെ ഈ ബിസിനസ്സിൽ ബിനീഷ് പണം മുടക്കിയിട്ടുണ്ടെന്ന് അനൂപ് മൊഴി നൽകിയിട്ടുമുണ്ട്.

നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഹോട്ടൽ നിരീക്ഷണത്തിലാക്കിയിരുന്നത് മയക്കുമരുന്ന് പാർട്ടികൾ നടക്കാറുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ്. അങ്ങനെ ഓഗസ്റ്റ് 21-നാണ് ഹോട്ടലിന്റെ 205-ാം നമ്പർ മുറിയിൽ നിന്ന് അനൂപിനെ മയക്കുമരുന്നുമായി എൻ.സി.ബി. പിടികൂടുന്നത്. അനൂപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ അധികൃതര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്.

Share this story