തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മേൽ ഗവർണറുടെ ആവശ്യമില്ലെന്നാണ് സിപിഎം നിലപാടെന്ന് എം വി ഗോവിന്ദൻ

മറ്റ് വഴികൾ ഇല്ലാത്തതിനാലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകളിൽ ഒപ്പിടാൻ നിർബന്ധിതനായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർമാർക്ക് എവിടെ വരെ പോകാമെന്നതിൽ ഭരണഘടനാപരമായ വ്യക്തതയുണ്ട്. എന്നാൽ സർക്കാരിന്റെ ദൈനംദിന കാര്യങ്ങളെ തടസ്സപ്പെടുത്തുന്നതാണ് ഗവർണറുടെ ഇടപെടൽ. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മേൽ ഗവർണറുടെ ആവശ്യമില്ലെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും എംവി ഗോവിന്ദൻ പറഞ്ഞു
സർക്കാരുമായുള്ള പോരിനിടെ ഒരു നിയമഭേദഗതിക്കും രണ്ട് പി എസ് സി അംഗങ്ങളുടെ നിയമനത്തിനും ഗവർണർ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എംവി ഗോവിന്ദന്റെ പ്രതികരണം. ബില്ലുകൾ വെച്ച് താമസിപ്പിക്കാൻ ഗവർണർമാർക്ക് കഴിയില്ല. വിഷയത്തിൽ സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനാൽ മറ്റ് മാർഗങ്ങളില്ലാത്തതു കൊണ്ടാണ് ഗവർണർ ബില്ലുകളിൽ ഒപ്പിടാൻ തയ്യാറായതെന്നും എംവി ഗോവിന്ദൻ പറഞ്ഞു