ചൈൽഡ് ലൈൻ കസ്റ്റഡിയിൽ നിന്ന് 16കാരിയെ കടത്തിയ സംഭവം; യുവാവും പെൺകുട്ടിയും പിടിയിൽ

Police

തൃശ്ശൂരിൽ ചൈൽഡ് ലൈൻ ജീവനക്കാരുടെ കഴുത്തിൽ ബിയർ ബോട്ടിൽ പൊട്ടിച്ച് വെച്ച് ഭീഷണി മുഴക്കിയ ശേഷം 16കാരിയായ കാമുകിയെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ യുവാവും 16കാരിയും പിടിയിൽ. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ട ഇവരെ 12 കിലോമീറ്റർ അകലെ ആമ്പല്ലൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്ത്.

ദേശീയപാതയോരത്ത് കൂടി നടന്നുപോയ ഇവരെ ഒരു ഹോം ഗാർഡ് തിരിച്ചറിഞ്ഞ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു. പിന്നാലെ ഇരുപതുകാരനായ കാമുകനെയും പെൺകുട്ടിയെയും പോലീസ് പുതുക്കാട് പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി

കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് ഇവർ റെയിൽവേ സ്‌റ്റേഷനിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മനസ്സിലാക്കിയ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. എന്നാൽ പിന്നാലെ എത്തിയ യുവാവ് ബിയർ ബോട്ടിൽ പൊട്ടിച്ച് ജീവനക്കാർക്ക് നേരെ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പെൺകുട്ടിയുമായി കടന്നു കളയുകയായിരുന്നു.
 

Share this story