വീട്ടിൽ നിന്നിറക്കി വിട്ടെന്ന് 16കാരിയുടെ ഫോൺ; പോലീസിന്റെ സംശയം രക്ഷപ്പെടുത്തിയത് അമ്മയുടെ ജീവൻ

Police

കോട്ടയം ഏറ്റുമാനൂരിൽ പതിനാറുകാരിയുടെ പരാതി അന്വേഷിക്കാൻ പാഞ്ഞെത്തിയ പോലീസിന് തോന്നിയ സംശയം അമ്മയുടെ ജീവൻ രക്ഷിച്ചു. മകളുമായി വഴക്കിട്ട് അമിത അളവിൽ ഗുളിക കഴിച്ച് മരണത്തിലേക്ക് പോകുകയായിരുന്ന അമ്മയെയാണ് പോലീസിന്റെ ഇടപെടലിൽ ആശുപത്രിയിലേക്ക് മാറ്റാനും ജീവൻ രക്ഷിക്കാനും സാധിച്ചത്. പോലീസിന് തോന്നിയ സംശയമാണ് വീട്ടമ്മയെ ആശുപത്രിയിലേക്ക് എത്തിച്ചത്. ഒരു രാത്രി മുഴുവൻ നെട്ടോടമോടിയ പോലീസ് വീട്ടമ്മ സുഖം പ്രാപിച്ചു എന്ന ഉറപ്പ് ലഭിച്ചതോടെയാണ് തിരികെ മടങ്ങിയത്

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് പതിനാറുകാരി പോലീസ് സ്‌റ്റേഷനിലേക്ക് അമ്മ വീട്ടിൽ നിന്നും ഇറക്കി വിട്ടെന്ന പരാതിയുമായി വിളിക്കുന്നത്. പോലീസ് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്ത് എത്തിയപ്പോൾ കുട്ടി വീടിന് പുറത്ത് നിൽക്കുകയാണ്. അമ്മ തനിക്ക് സ്വാതന്ത്ര്യം നൽകുന്നില്ലെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയെ സമാധാനപ്പെടുത്തി വീടിനുള്ളിലേക്ക് ചെന്നപ്പോൾ വീട്ടുപകരണങ്ങളെല്ലാം തല്ലിത്തകർത്ത നിലയിലായിരുന്നു. താൻ തന്നെയാണ് ഇത് പൊട്ടിച്ചതെന്ന് കുട്ടി പോലീസിനോട് പറയുകയും ചെയ്തു

രാത്രി സിനിമക്ക് പോകാൻ അമ്മ സമ്മതിച്ചില്ലെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. വീടിനുള്ളിൽ പരിശോധിച്ച പോലീസ് കണ്ടത് കരഞ്ഞ് തളർന്നുകിടക്കുന്ന അമ്മയെയാണ്. സംസാരിക്കുന്നതിനിടെ വീട്ടമ്മയുടെ നാക്ക് കുഴയുന്നത് കണ്ട പോലീസിന് സംശയം തോന്നുകയും ഇവരെ ഉടനെ തെള്ളകത്തെ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി. ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് താൻ അമിത അളവിൽ ഗുളിക കഴിച്ച കാര്യം വീട്ടമ്മ വെളിപ്പെടുത്തിയത്. അൽപം വൈകിയിരുന്നുവെങ്കിൽ വീട്ടമ്മയുടെ ജീവൻ നഷ്ടപ്പെടുമെന്നാണ് മെഡിക്കൽ കോളജ് ഡോക്ടർമാർ പോലീസിനെ അറിയിച്ചത്.
 

Share this story