എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് പ്രൗഢോജ്വല തുടക്കം

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് പ്രൗഢോജ്വല തുടക്കം

ചാവക്കാട്: സാംസ്‌കാരിക നഗരിയിലെ ചരിത്രമുറങ്ങുന്ന ചാവക്കാടിന്റെ മണ്ണിൽ ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാമേളയായ എസ് എസ് എഫ് 26-ാമത് സാഹിത്യോത്സവിന് പ്രൗഡോജ്ജ്വല തുടക്കമായി. രണ്ട്് ദിനരാത്രങ്ങളായി നടക്കുന്ന സാഹിത്യോത്സവിനായി ധർമ സമരോത്സുക യൗവ്വനത്തിന്റെ സർഗ്ഗ പ്രതിഭകൾ സംഗമിച്ചപ്പോൾ മതമൈത്രിയുടെയും മാനവികതയുടെയും പൂർവ പാരമ്പര്യം പേറുന്ന മിനി ഗൾഫെന്ന തീരദേശം മറ്റൊരു ചരിത്രം കൂടി തീർത്തു. കഥപറഞ്ഞും കവിത ചൊല്ലിയും തുടങ്ങിയ കലാമേളയുടെ ആദ്യ ദിനം അറബനമുട്ടും ദഫ് മുട്ടും ഖവാലിയുമുൾപ്പെടെയുള്ള പരമ്പരാകത കലാരൂപങ്ങളിലൂടെ കൊട്ടിക്കയറി. കടലോരത്തെ ഈറൻ കാറ്റിനെ ഇമ്പമാർന്ന മദ്ഹ് ഗാനത്തിന്റെയും മാലപ്പാട്ടിന്റെയും മാപ്പിളപ്പാട്ടിന്റെയുമെല്ലാം ഈരടികളിൽ അലിയിച്ച് ചേർത്തപ്പോൾ ആദ്യ ദിനം തന്നെ ആസ്വാദകരായെത്തിയതും ആയിരങ്ങളായിരുന്നു.

പ്രസംഗം, ചിത്ര രചന, ഡിജിറ്റൽ ഡിസൈനിംഗ്, ഭക്തിഗാനം, കൊളാഷ് പ്രദർശനം, ഡോക്യുമെന്ററി നിർമാണം, കാലിഗ്രഫി, രചന മത്സരങ്ങൾ തുടങ്ങി നൂറ്റിപ്പത്ത് കലാമത്സരങ്ങളാണ് ചാവക്കാടിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ പിതിനൊന്ന് വേദികളിലായി നടക്കുന്നത്. കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ നിന്നുമായി രണ്ടായിരത്തോളം കലാപ്രതിഭകളാണ് രണ്ടു ദിവസത്തെ സാഹിത്യോത്സവിൽ മാറ്റുരക്കുന്നത്. ജൂനിയർ, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലും കേരളത്തിലെ കലാലയങ്ങൾ തമ്മിലുമാണ് മത്സരങ്ങൾ. സാഹിത്യോത്സവിന് മാറ്റുകൂട്ടി കലാ- സാഹിത്യ മത്സരങ്ങൾക്ക് പുറമെ വിവിധ സെഷനുകളിലായി പ്രത്യേക ചർച്ചകളും സംവാദവുമെല്ലാം കോർത്തിണക്കി സാംസ്‌കാരിക സമ്മേളനവും പുസ്തകോത്സവവും നടക്കുന്നുണ്ട്.

ഇന്നലെ വൈകിട്ട് നടന്ന പ്രൗഡമായ ചടങ്ങിൽ തദ്ദേക സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ആണ് സാഹിത്യോത്സവ് ഉദ്ഘാടനം നിർവഹിച്ചത്. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇത്തവണത്തെ സാഹിത്യോത്സവ് അവാർഡ് കവി സച്ചിദാനന്ദന് മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് സമ്മാനിച്ചു. മുരളി പെരുനെല്ലി എം എൽ എ, സാഹിത്യകാരൻമാരായ കെ ഇ എൻ കുഞ്ഞഹമ്മദ്, കെ പി രാമനുണ്ണി, വീരാൻ കുട്ടി, മാധ്യമ പ്രവർത്തകൻ കെ സി സുബിൻ, എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി ഫാറൂഖ് നഈമി, ഐ പി ബി ഡയറക്ടർ എം അബ്ദുൾ മജീദ് പ്രസംഗിച്ചു. എസ് എസ് എഫ് ജന. സെക്രട്ടറി എ പി മുഹമ്മദ് അശ്ഹർ സ്വാഗതവും കെ ബി ബഷീർ നന്ദിയും പറഞ്ഞു. ഇന്ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബകർ മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, ടി എൻ പ്രതാപൻ എംപി എന്നിവർ സംബന്ധിക്കും.

 

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് പ്രൗഢോജ്വല തുടക്കം
എസ് എസ് എഫ് സാഹിത്യോത്സവ് അവാർഡ് കെ സച്ചിദാനന്ദന് തോമസ് ജേക്കബ് നൽകുന്നു

വാക്കുകളെ നിശ്ശബ്ദമാക്കുന്ന കാലത്ത് എഴുത്തുകാരന് മിണ്ടാതിരിക്കാനാകില്ല: കെ സച്ചിദാനന്ദൻ

ചാവക്കാട്: വാക്കുകളെ നിശ്ശബ്ദമാക്കുന്ന കാലത്ത് എഴുത്തുകാരന് മിണ്ടാതിരിക്കാനാകില്ലെന്ന് കെ സച്ചിദാനന്ദൻ. ഇരുപത്തിയാറാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ഇരുണ്ട കാലത്തെ പാട്ടുകൾ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.

ഇസ്ലാമോഫോബിയ പ്രത്യക്ഷമായി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് കലാസാഹിത്യ പ്രവർത്തനം പ്രതിരോധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അധികാരത്തിന്റെ ധിക്കാരത്തിൽ നിരന്തരം ഇസ്ലാം വിരുദ്ധ വിദ്വേഷം കുത്തിവെക്കുകയാണ് ഭരണകൂടം. എല്ലാ മതങ്ങളും മുന്നോട്ട് വെക്കുന്നത് സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശമാണ്. കൃത്യമായ അജൻഡകൾ നിർമിച്ചു കൊണ്ടാണ് ഭരണകൂടം വർഗീയതയെ ഉയർത്തിക്കൊണ്ടു വരുന്നത്. ഇത്തരത്തിലുള്ള കെട്ടകാലത്ത് അധികാരത്തോട് സത്യം വിളിച്ചുപറയാൻഎഴുത്തുകാരന് കഴിയണം. അപ്പോഴാണ് കഥയും കവിതയുമെല്ലാം പ്രതിരോധത്തിന്റെ ആയുധമായി മാറുന്നത്. എല്ലാ കലകളുടെയും അടിത്തറ ആത്മീയതയാണ്. എല്ലാത്തരത്തിലുള്ള അടിച്ചമർത്തലുകളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ എക്കാലത്തും മനുഷ്യൻ ശ്രമം നടത്തിയിട്ടുണ്ട്. പ്രതിരോധം ഒരു പരിശ്രമമാണ്. അനീതിക്കെതിരെ നിവർന്നു നിൽക്കാൻ ഒരുങ്ങുന്നത് പോലും അത്തരത്തിലുള്ള ഒരു പരിശ്രമത്തിന്റെ ഭാഗമാണ്.

ഭീതിയുടെയും നിരന്തര നിരീക്ഷണങ്ങളുടെയും ഇടയിൽ രോഷം കൊള്ളാൻ പോലും കഴിയാത്ത വിധമാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. ദേശസ്‌നേഹത്തെയും ദേശീയ വാദത്തെയും അഭിമാനത്തിൽ നിന്നും അഹന്തയിലേക്ക് ഉയർത്തിക്കൊണ്ടു വരികയാണിന്ന്. സങ്കുചിതമായ ദേശീയവാദമാണ് ഹിംസയുടെ പ്രഭവം. ചരിത്രത്തിനകത്ത് സവിശേഷമായ രൂപങ്ങളിൽ ഹിംസ നിലനിൽക്കുന്നുണ്ട്. ഹിംസയുടെ അനേകം രൂപങ്ങൾ ഒന്നിച്ചു ചേരുമ്പോഴാണ് ജനാധിപത്യം വെല്ലുവിളിക്കപ്പെടുന്നത്. ആദിവാസികളും ദളിതരും ഉൾക്കൊള്ളുന്ന അടിച്ചമർത്തപ്പെട്ട ജനതയുടെ ഐക്യപ്പെടലിലൂടെ മാത്രമേ ഫാഷിസ്റ്റ് ഭീകരതയെ നേരിടാൻ കഴിയൂ. മുതലാളിത്വം എല്ലാത്തിനെയും വിൽപ്പന ചരക്കാക്കി മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story