പ്രളയം: സഹായമെത്തിക്കാൻ തയ്യാറാണെന്ന് കേരളം ബീഹാറിനെ അറിയിച്ചു

പ്രളയം: സഹായമെത്തിക്കാൻ തയ്യാറാണെന്ന് കേരളം ബീഹാറിനെ അറിയിച്ചു

പ്രളയക്കെടുതിയിൽ വലയുന്ന ബിഹാറിലെ ജനങ്ങൾക്ക് ആവശ്യമെങ്കിൽ സഹായമെത്തിക്കാൻ തയ്യാറാണെന്ന് കേരളം ബീഹാർ സർക്കാരിനെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം കേരളത്തിന്റെ ഡൽഹിയിലുള്ള പ്രത്യേക പ്രതിനിധി എ സമ്പത്താണ് ഇക്കാര്യം ബീഹാറിനെ അറിയിച്ചത്.

ചീഫ് സെക്രട്ടറി ടോം ജോസ് ബീഹാർ ചീഫ് സെക്രട്ടറി ദീപക് കുമാറുമായും ബന്ധപ്പെട്ടിരുന്നു. പ്രളയത്തിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ളവർ ഇപ്പോൾ സുരക്ഷിതരാണ്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രളയക്കെടുതി നേരിടുന്ന ബിഹാറിലെ ജനങ്ങൾക്ക് ആവശ്യമെങ്കിൽ സഹായമെത്തിക്കാൻ സന്നദ്ധമാണെന്ന് കേരളം ബിഹാർ സർക്കാരിനെ അറിയിച്ചു.

അതിവർഷം കാരണം ബിഹാറിലെയും യുപിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരിക്കുകയാണ്. പട്നയിൽ സ്ഥിതി രൂക്ഷമാണ്. അടുത്ത ദിവസങ്ങൾക്കിടയിൽ നാല്പതിലേറെ പേർ മരണപ്പെട്ടു. മലയാളികൾക്കാർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് സംസ്ഥാന സർക്കാറിന് ലഭിച്ച വിവരം. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കാനാണ് ഇപ്പോൾ ദുരന്ത പ്രതികരണ സേനയും മറ്റ് ഏജൻസികളും ശ്രമിക്കുന്നത്. യുപിയിലെയും ബിഹാറിലെയും അധികൃതരുമായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത്,
ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി , തുടങ്ങിയവർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മലയാളി കുടുംബങ്ങളുടെ കാര്യങ്ങൾ അന്വേഷിച്ച് ആവശ്യമായ സഹായം ലഭ്യമാക്കാൻ നോർക്ക വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

Share this story