ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും; പിണറായിക്ക് വേണ്ടി ഹരീഷ് സാൽവേ, സിബിഐക്ക് വേണ്ടി തുഷാർ മേത്ത

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും; പിണറായിക്ക് വേണ്ടി ഹരീഷ് സാൽവേ, സിബിഐക്ക് വേണ്ടി തുഷാർ മേത്ത

എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും. കാശ്മീർ കേസുകൾ പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിലെ നടപടികൾ ഇന്ന് അവസാനിക്കുകയാണെങ്കിലാകും ലാവ്‌ലിൻ കേസ് പരിഗണിക്കുക. പിണറായി വിജയൻ വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ ഹാജരാകും. സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകും

ജസ്റ്റിസ് രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. മൂന്നാം നമ്പർ കോടതി പരിഗണനാ പട്ടികയിലെ ആദ്യ കേസാണിത്. അതേസമയം കാശ്മീർ കേസ് കേൾക്കുന്ന ഭരണഘടനാ ബഞ്ചിൽ ജസ്റ്റിസ് രമണ അംഗമാണ്. ഇത് കഴിഞ്ഞതിന് ശേഷമാകും മൂന്നാം നമ്പർ ബഞ്ചിൽ അദ്ദേഹമെത്തുക.

പിണറായി വിജയനെയും കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെയും 2017 ഓഗസ്റ്റ് 23ന് കേസിൽ നിന്നും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾ ഉൾപ്പെട്ട കേസുകളിലെല്ലാം സിബിഐക്ക് വേണ്ടി ഇപ്പോൾ ഹാജരാകുന്നത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്. ഇതാണ് ലാവ്‌ലിൻ കേസിനെയും ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഇതുവരെ പിങ്കി ആനന്ദാണ് സിബിഐക്ക് വേണ്ടി ഹാജരായിരുന്നത്.

Share this story