രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ ട്രോളി ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ ട്രോളി ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഏഴ് പ്രധാനറോഡുകൾ ഒഴിവാക്കിയാൽ ഒരു ഒറ്റപ്പെട്ട തുരുത്താണ് വയനാട്. ഇതിൽ മൂന്നു ചുരം റോഡുകൾ കോഴിക്കോട് കണ്ണൂർ ജില്ലകളിലേയ്ക്കും ബാക്കി നാല് റോഡുകൾ കർണ്ണാടക തമിഴ്നാട് സംസ്ഥാനങ്ങളിലേയ്ക്കും വയനാടിനെ ബന്ധിക്കുന്നതാണ്. ഇതിൽ രണ്ട് പ്രധാനപാതകളായ ദേശീയപാത 766ലും മാനന്തവാടി-ബാവലി-മൈസൂർ റോഡിലും രാത്രികാലയാത്ര നിരോധനം ഏർപ്പെടുത്തിയിട്ട് വർഷങ്ങളായി. ഈ റോഡ് കടന്നുപോകുന്ന ഇരു സംസ്ഥാനങ്ങളിലെയും ജനത രാത്രികാലങ്ങളിൽ സഞ്ചാരസ്വാതന്ത്രമില്ലാത്ത തടവറകളിലാണ്. ഇതിൽ നാഷണൽ ഹൈവേ 766ലെ യാത്രാനിരോധനം പകൽ സമയത്തേയ്ക്കും നീട്ടാനുള്ള സാഹചര്യമുണ്ട് എന്ന അപായസൂചനയെ തുടർന്നാണ് ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജന സംഘടനകൾ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാരത്തിന് തയ്യാറായിരിക്കുന്നത്.

നിലവിലെ രാത്രികാല യാത്രാനിരോധനത്തിൽ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിനോ, മാറിമാറി വന്ന സർക്കാരുകൾക്കോ ഒരു പങ്കുമില്ലെന്ന പൂർണ്ണബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.വൈ.എഫ്.ഐ ഇത്തരമൊരു സംയുക്തിസമരത്തിൽ ഏറ്റവും സജീവമായി സഹകരിക്കാൻ തീരുമാനിക്കുന്നത്. ഈ സമരത്തിനിടയിൽ തീർത്തും രാഷ്ട്രീയപ്രേരിതമായ ഹർത്താൽ പ്രഖ്യാപനവുമായി യു.ഡി.എഫ് ജില്ലാനേതൃത്വം രംഗത്ത് വന്നത് അവരുടെ രാഷ്ട്രീയതാൽപ്പര്യത്തിന്റെ സൂചനയായി ഡി.വൈ.എഫ്.ഐ തിരിച്ചറിഞ്ഞിരുന്നു. അതിനാൽ തന്നെ ഡി.വൈ.എഫ്.ഐ അടക്കം യു.ഡി.എഫിന്റെ രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള ഹർത്താൽ പ്രഖ്യാപനത്തിനെതിരെ രംഗത്ത് വന്നിരുന്നു. രാത്രിയാത്രാ നിരോധനത്തിൽ വയനാടൻ ജനതയുടെ യഥാർത്ഥ താൽപ്പര്യത്തെ തുരങ്കം വയ്ക്കാനുള്ള നീക്കത്തിൽ നിന്ന് പിന്നീട് യു.ഡി.എഫ് ജില്ലാനേതൃത്വം പിന്നോട്ടു പോയത് എന്തായാലും സ്വാഗതാർഹമാണ്.

നിലവിൽ സമരവുമായി മുന്നോട്ടുപോകുന്ന സമരസമിതി ഈ സമരത്തിൽ ഒരുതരത്തിലുള്ള രാഷ്ട്രീയമുതലെടുപ്പിന്റെ സാധ്യതകളും ഉപയോഗിക്കുന്നില്ലെന്നത് എടുത്തുപറയേണ്ടതുണ്ട്. സമരത്തിന്റെ ലക്ഷ്യം അധികാരികളെ അറിയിക്കാൻ ഡൽഹിയിലെത്തിയ സമരസമിതി നമ്മുടെ ബഹുമാന്യ എം.പി.രാഹുൽ ഗാന്ധിയെയും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെയും നേരിൽകണ്ട് സംസാരിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതും പ്രശംസനീയമാണ്. എന്തായാലും ഈ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയം കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ രാത്രിയാത്രാ നിരോധനത്തിലെ കേരളത്തിന്റെ ആശങ്കകൾ പഠിക്കാൻ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേകസമിതിയെ ചുമതലപ്പെടുത്താമെന്ന ഉറപ്പ് പ്രകാശ് ജാവ്ദേക്കർ മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. സമരസമിതി സന്ദർശിച്ച് സഹായം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വയനാട് എം.പി.രാഹുൽഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സഹായം അഭ്യർത്ഥിച്ചതും ഈ ഘട്ടത്തിൽ ഓർമ്മിക്കേണ്ടതുണ്ട്. വയനാട് എം.പിയുടെയും സമരസമിതിയുടെയും അഭ്യർത്ഥന മാനിച്ച് വിഷയത്തിൽ ഇടപെടാനും പ്രശ്നപരിഹാരം ഉണ്ടാക്കാനായി കേന്ദ്രമന്ത്രിയുമായി സംസാരിക്കാനും തയ്യാറായ മുഖ്യമന്ത്രിയെ ഈ ഘട്ടത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നു. എന്തായാലും വിഷയത്തിൽ രാഷ്ട്രീയപരിഹാരം ഉണ്ടാക്കാനുള്ള സാധ്യതകൾ ആരായാൻ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടപെടൽ നടന്നുവെന്നത് വയനാട്ടിലെ സമരസമിതിയെ സംബന്ധിച്ച് പ്രശംസാർഹമായ ഇടപെടലാണ്.

സമരസമിതി ഡൽഹിയിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ വയനാട് എം.പി.രാഹുൽ ഗാന്ധി സമരവേദിയിലെത്തി അനിശ്ചിതകാല നിരാഹാരസമരമിരിക്കുന്ന യുവജനനേതാക്കളായ സുഹൃത്തുക്കൾക്ക് അനുഭാവം അർപ്പിച്ചതിനെ അനുമോദിക്കുന്നു. എന്നാൽ ഡൽഹിയിൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് ശക്തമായ ഇടപെടലിന് രാഹുൽ ഗാന്ധി തയ്യാറാകേണ്ടതുണ്ടായിരുന്നു എന്ന ശക്തമായ വിയോജിപ്പ് ഈ ഘട്ടത്തിൽ രേഖപ്പെടുത്തുകയാണ്. മുഖ്യമന്ത്രിക്കൊപ്പമോ, അല്ലെങ്കിൽ സമരസമിതിക്കൊപ്പമോ അതുമല്ലെങ്കിൽ സ്വന്തം നിലയിലോ പ്രകാശ് ജാവ്ദേക്കറെ കണ്ട് വയനാടിന്റെ വിഷയം ഗൗരവമായി അവതരിപ്പിക്കാൻ ദേശീയ നേതാവായ നമ്മുടെ എം.പിക്ക് കഴിയേണ്ടതുണ്ടായിരുന്നു. എന്തായാലും നമ്മുടെ എം.പി അർപ്പിച്ച വിശ്വാസം കാത്ത് ഈ വിഷയം കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ എത്തിക്കാൻ മുഖ്യമന്ത്രി തയ്യാറായതിനാൽ അതൊരു പോരായ്മയായി മാറിയില്ലെന്നത് ആശ്വാസകരമാണ്.

എന്നാൽ രാഹുലിനൊപ്പം എത്തിയ ശ്രീ.കെ.സി.വേണുഗോപാലിനോടും, ശ്രീ.രമേശ് ചെന്നിത്തലയോടും ഈ വിഷയത്തിൽ എന്തുകൊണ്ടാണ് ഇത്തരം രാഷ്ട്രീയ പരിഹാരത്തിനുള്ള ശ്രമങ്ങൾ നേരത്തെ നടക്കാതെ പോയത് എന്ന് രാഹുൽ ഗാന്ധി ചോദിച്ച് മനസ്സിലാക്കേണ്ടതായിരുന്നു. നേരത്തെ കേരളവും-കർണ്ണാടകവും തമ്മിൽ സംസാരിച്ച് ഈ വിഷയത്തിൽ ഒരു ധാരണയിലെത്താൻ സുപ്രീംകോടതി നിർദ്ദേശിച്ച കാലഘട്ടത്തിൽ ശ്രീ.രമേശ് ചെന്നിത്തല കേരളത്തിലെ കോൺഗ്രസിന്റെ പ്രസിഡന്റും ശ്രീ കെ.സി.വേണുഗോപാൽ കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗവുമായിരുന്നു. പിന്നീട് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയുമായിരുന്നു രമേശ് ചെന്നിത്തല. ഈ ഘട്ടത്തിൽ ഈ വിഷയത്തിൽ ഇവർ എന്തുകൊണ്ട് രാഷ്ട്രീയമായ പരിഹാരത്തിന് ശ്രമിച്ചില്ലായെന്ന് രാഹുൽ ഗാന്ധി ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. ഇക്കാലയളവിൽ കർണ്ണാടകയിലെ കോൺഗ്രസിന്റ ചുമതലയുണ്ടായിരുന്ന ദേശീയ ഭാരവാഹി കൂടിയായിരുന്നു കെ.സി.വേണുഗോപാൽ. കേന്ദ്രത്തിലും കേരളത്തിലും കർണ്ണാടകയിലും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ തീരുമാനം എടുക്കാനുള്ള ഭൂരിപക്ഷത്തിൽ അധികാരത്തിലിരുന്നൊരു കാലത്താണ് ഈ വിഷയത്തിൽ ഒരു രാഷ്ട്രീയപരിഹാരത്തിനുള്ള ഏറ്റവും അസുലഭമായ ഒരു അവസരം ഇവർ പാഴാക്കി കളഞ്ഞത്. എന്തുകൊണ്ട് അത്തരമൊരു വീഴ്ച സംഭവിച്ചുവെന്ന് ഇവരോട് ചോദിച്ച് മനസ്സിലാക്കിയാൽ മാത്രമെ ഈ വിഷയത്തിൽ ഇപ്പോൾ രാഷ്ട്രീയപരിഹാരം തേടി കേരളമുഖ്യമന്ത്രിയെ സന്ദർശിച്ച ശ്രീ.രാഹുൽ ഗാന്ധിക്ക് ഈ വിഷയത്തിൽ പ്രായോഗികമായി എന്തെങ്കിലും ഇടപെടൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് നടത്താൻ കഴിയുകയുള്ളു.

ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയെയോ പ്രധാനമന്ത്രിയെയോ സന്ദർശിക്കേണ്ടി വന്നാൽ എന്തുകൊണ്ട് കേരളവും, കർണ്ണാടകയും, കേന്ദ്രവും ഭരിച്ച സമയത്ത് ഈ വിഷയത്തിൽ രാഷ്ട്രീയപരിഹാരം ഉണ്ടാക്കാൻ കോൺഗ്രസിന് കഴിയാതെ പോയി എന്ന ചോദ്യത്തെ തീർച്ചയായും രാഹുൽ ഗാന്ധിക്ക് അഭിമുഖീകരിക്കേണ്ടി വരും. അതിന് മറുപടിയും പറയേണ്ടതായി വരും. നിലവിൽ വലിയൊരു സമരത്തിന്റെ മുമ്പിൽ നിൽക്കുമ്പോൾ രാഷ്ട്രീയഭിന്നതയുണ്ടാക്കുന്ന ചോദ്യങ്ങൾ വേണ്ടെന്ന് കരുതിയാവും വയനാട്ടുകാർ ഇത്തരം ചോദ്യങ്ങൾ രാഹുൽ ഗാന്ധിക്ക് മുമ്പിൽ ഉയർത്താതിരിക്കുന്നത്. ഇത് മനസ്സിലാക്കി ശ്രി.രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും എന്തുകൊണ്ട് കേരളവും, കർണ്ണാടകയും, കേന്ദ്രവും ഭരിച്ച സമയത്ത് ഈ വിഷയത്തിൽ രാഷ്ട്രീയപരിഹാരം ഉണ്ടാക്കാൻ കോൺഗ്രസിന് കഴിയാതെ പോയി എന്ന് രാഹുൽ ഗാന്ധിക്ക് വിശദീകരിച്ച് കൊടുക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഭാവിയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് എപ്പോഴെങ്കിലും കേന്ദ്രത്തെ സമീപിക്കേണ്ടി വന്നാൽ രാഹുൽ ഗാന്ധിക്ക് ഉത്തരം മുട്ടി നിൽക്കേണ്ടി വരും.

ഏഴ് പ്രധാനറോഡുകള്‍ ഒഴിവാക്കിയാല്‍ ഒരു ഒറ്റപ്പെട്ട തുരുത്താണ് വയനാട്. ഇതില്‍ മൂന്നു ചുരം റോഡുകള്‍ കോഴിക്കോട് കണ്ണൂര്‍…

Posted by K Rafeeq on Friday, October 4, 2019

Share this story