കൂടത്തായി കൊലപാതക പരമ്പര: സയനൈഡ് ജോളി അടക്കം മൂന്ന് പേർ അറസ്റ്റിൽ

കൂടത്തായി കൊലപാതക പരമ്പര: സയനൈഡ് ജോളി അടക്കം മൂന്ന് പേർ അറസ്റ്റിൽ

കൂടത്തായിയിൽ ബന്ധുക്കളായ ആറ് പേർ വർഷങ്ങളുടെ ഇടവേളയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതിയും കൊലപാതകം നടത്തുകയും ചെയ്ത ജോളി, ജോളിയുടെ സുഹൃത്ത് ജ്വല്ലറി ജീവനക്കാരൻ മാത്യു, മാത്യുവിന്റെ സുഹൃത്ത് സ്വർണപ്പണിക്കാരൻ പ്രജുകുമാർ എന്നിവരാണ് അറസ്റ്റിലായത്.

ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും ഷാജുവിന്റെ പിതാവ് സ്‌കറിയയെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ആറ് പേരെയും ജോളി സ്ലോ പോയസിണിംഗ് വഴി കൊലപ്പെടുത്തുന്നത്. ആദ്യ ഭർത്താവിന്റെ അമ്മ അന്നമ്മ, ആദ്യ ഭർത്താവിന്റെ പിതാവ് ടോം തോമസ്, ആദ്യ ഭർത്താവ് റോയി, ബന്ധു മാത്യു, ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ ഭാര്യയായിരുന്ന ഫിലി, മകൾ അൽഫോൻസ എന്നിവരെയാണ് ജോളി കൊന്നത്.

2016ൽ ഫിലിയാണ് അവസാനമായി മരിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ 2017ൽ ജോളിയും ഷാജുവും വിവാഹിതരായി. ഇതേ തുടർന്നാണ് മരണങ്ങളിൽ ബന്ധുക്കൾക്ക് സംശയം തോന്നുന്നതും കഴിഞ്ഞ ദിവസം കല്ലറി തുറന്ന് പരിശോധിച്ചതും. ചോദ്യം ചെയ്യലിൽ ജോളി കുറ്റം സമ്മതിക്കുകയും ചെയ്തതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Share this story