മദ്യപിച്ചിരുന്നില്ല; വാഹനം ഓടിച്ചത് വഫ: കാറപകടത്തിൽ വിശദീകരണവുമായി ശ്രീറാം

മദ്യപിച്ചിരുന്നില്ല; വാഹനം ഓടിച്ചത് വഫ: കാറപകടത്തിൽ വിശദീകരണവുമായി ശ്രീറാം

മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവം നടക്കുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നും സുഹൃത്ത് വഫയാണ് വാഹനമോടിച്ചതെന്നും സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകി. തനിക്കു നേരെ ഉയർന്ന ആരോപണങ്ങളെല്ലാം ശ്രീറാം ഏഴു പേജുള്ള വിശദീകരണ കുറിപ്പിൽ നിഷേധിച്ചു. തന്റെ വാദം കേൾക്കണമെന്നും സർവീസിൽ തിരിച്ചെടുക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി വിശദീകരണ കുറിപ്പ് പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കും. ആവശ്യമെങ്കിൽ സമിതി മുൻപാകെ വിശദീകരണം നൽകുന്നതിന് അവസരം നൽകും. ക്രിമിനൽ നടപടികൾ നേരിടുന്നതിനാൽ സസ്പെൻഷൻ കാലാവധി നീട്ടാനാണ് സാധ്യത. ഓഗസ്റ്റ് മൂന്നിന് രാത്രി 12.55നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ.എം.ബഷീർ കൊല്ലപ്പെടുന്നത്. സംഭവം നടക്കുമ്പോൾ ശ്രീറാം സർവേ ഡയറക്ടറായിരുന്നു. 1969 ലെ ഓൾ ഇന്ത്യ സർവീസസ് (ഡിസിപ്ലിൻ ആന്റ് അപ്പീൽ) റൂൾസ് റൂൾ 3(3) അനുസരിച്ചാണ് ചീഫ് സെക്രട്ടറി ശ്രീറാമിനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദീകരണവും തേടിയിരുന്നു.

മദ്യപിക്കാത്തയാളാണ് താനെന്നും സംഭവം നടക്കുമ്പോൾ മദ്യപിച്ചിട്ടില്ലെന്നും വിശദീകരണകുറിപ്പിൽ ശ്രീറാം പറയുന്നു. കൂടെയുണ്ടായിരുന്ന വഫ സുഹൃത്താണ്. അവരാണ് വാഹനം ഓടിച്ചിരുന്നത്. മനഃപൂർവമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടം ഉണ്ടായപ്പോൾ ബഷീറിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചിരുന്നു. താൻ മദ്യപിച്ചതായുള്ള ദൃക്സാക്ഷി മൊഴികൾ ശരിയല്ലെന്നും രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പിലുണ്ട്.

Share this story