രണ്ട് ദിവസം മുമ്പ് മോഷ്ടിച്ച ബൈക്ക് കഴുകി വൃത്തിയാക്കി കള്ളൻ തിരികെ എത്തിച്ചു; സംഭവം മലപ്പുറം അങ്ങാടിപ്പുറത്ത്

രണ്ട് ദിവസം മുമ്പ് മോഷ്ടിച്ച ബൈക്ക് കഴുകി വൃത്തിയാക്കി കള്ളൻ തിരികെ എത്തിച്ചു; സംഭവം മലപ്പുറം അങ്ങാടിപ്പുറത്ത്

തട്ടുകടയ്ക്ക് സമീപം നിർത്തിയിട്ട ബൈക്ക് മോഷ്ടാവ് കൊണ്ടുപോയതിന്റെ വിഷമത്തിലായിരുന്നു രണ്ട് ദിവസമായി പാതായ്ക്കര കലന്തൻ മുഹമ്മദ് ഷബീർ. ഒരു അത്യാവശ്യത്തിനായി അനിയന്റെ ബൈക്കെടുത്ത് വന്ന ഷബീർ ചായ കുടിക്കാനായി തട്ടുകടയിൽ നിർത്തുകയും ആ നിമിഷം തന്നെ ബൈക്ക് മോഷണം പോകുകയുമായിരുന്നു. എന്നാൽ മോഷണം പോയ അതേ സ്ഥലത്ത് തന്നെ രണ്ട് ദിവസത്തിന് ശേഷം ബൈക്ക് പ്രത്യക്ഷപ്പെട്ടു. അതും കഴുകി വൃത്തിയാക്കിയ നിലയിൽ

ബൈക്ക് മോഷണം പോയതിന് പിന്നാലെ ഷബീർ പോലീസിൽ പരാതി നൽകിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ബൈക്ക് അന്വേഷിച്ചെങ്കിലും കണ്ടെത്താനും സാധിച്ചില്ല. ഇന്നലെ ഉച്ചയോടെയാണ് ബൈക്ക് മോഷണം പോയ അതേസ്ഥലത്ത് തന്നെ കണ്ടെത്തുന്നത്. സീറ്റ് കവറിനുള്ളിൽ താക്കോലും വെച്ചിരുന്നു. നൂറ്റമ്പത് കിലോമീറ്റർ ദൂരം ബൈക്ക് ഓടിച്ചിട്ടുണ്ട്. കഴുകി തുടച്ച് വൃത്തിയാക്കിയാണ് ബൈക്ക് എന്തായാലും തിരികെ എത്തിച്ചതും.

Share this story