പിഴിഞ്ഞെടുക്കുന്നതിന് പരിധിയില്ല; പാലിയേക്കര ടോൾ പ്ലാസയിൽ നിരക്കുകൾ വർധിപ്പിച്ചു

പിഴിഞ്ഞെടുക്കുന്നതിന് പരിധിയില്ല; പാലിയേക്കര ടോൾ പ്ലാസയിൽ നിരക്കുകൾ വർധിപ്പിച്ചു

തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ നിരക്ക് വർധിപ്പിച്ചു. പുതിയ നിരക്ക് പ്രകാരം കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് 5 രൂപ വർധിച്ചു. ഒരു ഭാഗത്തേക്ക് യാത്ര ചെയ്യാനായി 75 രൂപ കൊടുക്കണം. ബസ്, ലോറി, ട്രക്ക് എന്നിവയ്ക്ക് 10 രൂപയാണ് വർധിപ്പിച്ചത്. ജീവിത നിലവാര സൂചികയുടെ അനുപാതത്തിലാണ് ടോൾ നിരക്ക് ഉയർത്തിയതെന്ന് ദേശീയ പാതാ അതോറിറ്റി അറിയിച്ചു.

ചെറിയ വാഹനങ്ങൾക്ക് ഒന്നിലേറെ തവണ യാത്ര ചെയ്യാനുള്ള തുക 110 ആയി ഉയർത്തി. വാഹനങ്ങളുടെ പ്രതിമാസ നിരക്ക് 2185 രൂപയായി. ചെറുകിട വ്യവസായിക വാഹനങ്ങൾക്ക് ഒറ്റത്തവണ 125 രൂപയും 24 മണിക്കൂറിന് 190 രൂപയും പ്രതിമാസം 3825 രൂപയായും ഉയർന്നു

ബസ്, ട്രക്ക് , ലോറി തുടങ്ങിയവക്ക് ഒറ്റത്തവണ 255 രൂപയും 24 മണിക്കൂറിന് 380 രൂപയും പ്രതിമാസം 7650 രൂപയും ആയി ഉയർന്നു. ഇന്നലെയാണ് നിരക്കുവർധന സംബന്ധിച്ച ഉത്തരവ് ദേശീയ പാതാ അതോറിറ്റി പുറത്തിറക്കിയത്.

ദേശീയ പാത അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 2017 ഡിസംബർ വരെ 644 കോടിയാണ് ടോൾ പ്ലാസയിൽ നിന്നും പിരിച്ചത്. പിരിവ് കാലാവധി 10 വർഷം ബാക്കി നിൽക്കെ ചെലവായതിന്റെ 80 ശതമാനം തുടകയും കമ്പനിക്ക് തിരിച്ചുകിട്ടിയതായി വിവരാവകാശ രേഖയിൽ കണ്ടെത്തിയിരുന്നു. കാലാവധി മുഴുവൻ പിരിച്ചാൽ തുകയുടെ നാല് മടങ്ങ് അധികം നേടാനാകുമെന്നും വ്യക്തമായിരുന്നു. ഇതിനിടെയാണ് ടോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നതും.

Share this story