മണപ്പുറം പാലം അഴിമതി കേസിലും ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഹർജി

മണപ്പുറം പാലം അഴിമതി കേസിലും ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഹർജി

മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ മറ്റൊരു കുരുക്ക്. ആലുവ മണപ്പുറം പാലം നിർമാണ അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷയിൽ സർക്കാർ നടപടി വൈകുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. അപേക്ഷയിൽ ഒരു വർഷമായിട്ടും സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

2014ലാണ് ആലുവ മണപ്പുറത്ത് സ്ഥിരം ആർച്ച് പാലം നിർമിക്കുന്നത്. ആറ് കോടി രൂപയായിരുന്നു നിർമാണ കരാർ. എന്നാൽ 17 കോടി രൂപക്കാണ് പാലം നിർമാണം പൂർത്തിയായത്.

പാലത്തിന് ഉപയോഗിച്ച നിർമാണ സാമഗ്രികളുടെ ഒരു വിവരവും പൊതുമരാമത്ത് വകുപ്പിന്റെ പക്കൽ ഇല്ലെന്നും 4.20 കോടി രൂപ ഖജനാവിന് നഷ്ടം സംഭവിച്ചതായുമാണ് ഹർജിക്കാരന്റെ ആരോപണം. 2019 സെപ്റ്റംബറിൽ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. സർക്കാർ അലംഭാവം തുടരുന്ന സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടണമെന്നാണ് ആവശ്യം.

Share this story