അഞ്ച് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി; പ്രതിസന്ധിയായി കനത്ത മഴ

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി; പ്രതിസന്ധിയായി കനത്ത മഴ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ജനങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്

പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക മുന്നണികൾക്കുണ്ട്. അരൂർ, കോന്നി മണ്ഡലങ്ങളിൽ പുലർച്ചെ മുതൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. വട്ടിയൂർക്കാവിലും എറണാകുളത്തും മഴ പെയ്യുന്നുണ്ട്. കൊച്ചിയിലെ മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങിയതോടെ പോളിംഗിനെ പ്രതികൂലമായി ബാധിച്ചേക്കാം.

അരൂരിനെ നിരവധി ബൂത്തുകളിൽ വൈദ്യുത ബന്ധം തകരാറിലായത് പോളിംഗ് വൈകാൻ കാരണമായേക്കും. എറണാകുളം അയ്യപ്പൻകാവ് ശ്രീനാരായണഗുരു സ്‌കൂളിലെ 64ാം നമ്പർ ബൂത്ത് കനത്ത മഴയെ തുടർന്ന് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കടേരിബാഗിലും വെള്ളക്കെട്ടിനെ തുടർന്ന് ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കൊച്ചിയിലെ ബൂത്തുകളിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് രാവിലെ വോട്ട് ചെയ്യാനായി എത്തിയിരിക്കുന്നത്.

 

Share this story