12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയിൽ ജനജീവിതം സ്തംഭിക്കുന്നു

12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയിൽ ജനജീവിതം സ്തംഭിക്കുന്നു

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ജനജീവിതം സ്തംഭിച്ചു. എറണാകുളമടക്കമുള്ള ജില്ലകളിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കാസർകോട്, കണ്ണൂർ ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടാണ്. കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് ശക്തമായ മഴയ്ക്ക് കാരണമായത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം ഒഴികെയുള്ള ബാക്കി നാല് മണ്ഡലങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. ഇത് വോട്ടെടുപ്പിനെയും പ്രതികൂലമായി ബാധിച്ചു. എറണാകുളത്ത് ഇതുവരെ 14.04 ശതമാനം പോളിംഗ് മാത്രമാണ് നടന്നിട്ടുള്ളത്. വെള്ളക്കെട്ട് രൂക്ഷമായതിനാൽ പലർക്കും പോളിംഗ് ബൂത്തുകളിലേക്ക് എത്താനാകാത്ത സ്ഥിതിയാണ്. ചില ബുത്തുകളിലും വെള്ളം കയറി ഉദ്യോഗസ്ഥർ പോലും അരക്കൊപ്പം വെള്ളത്തിലാണ് ഇരിക്കുന്നത്

തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. എറണാകുളത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളിലും ട്രാക്കിൽ വെള്ളം കയറി. ഇരു സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കി. ചിലത് വഴിയിൽ യാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരം ഡിവിഷനിൽ നിന്നുള്ള എല്ലാ പാസഞ്ചർ വണ്ടികളും റദ്ദാക്കിയിട്ടുണ്ട്

കൊല്ലം ആവണീശ്വരത്ത് 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൺ റോ തുരുത്തിൽ രണ്ട് വീടുകൾ മഴയിൽ തകർന്നുവീണു. മണിയാർ ഡാമിലെ ഷട്ടറുകൾ 50 സെന്റിമീറ്റർ ഉയർത്തുമെന്ന് പത്തനംതിട്ട കലക്ടർ അറിയിച്ചു. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

 

Share this story