ഒറ്റമഴയിൽ വെള്ളത്തിൽ മുങ്ങി നഗരം: കൊച്ചി നഗരസഭയെ പിരിച്ചുവിട്ടൂടെയെന്ന് ഹൈക്കോടതി

ഒറ്റമഴയിൽ വെള്ളത്തിൽ മുങ്ങി നഗരം: കൊച്ചി നഗരസഭയെ പിരിച്ചുവിട്ടൂടെയെന്ന് ഹൈക്കോടതി

കനത്ത മഴയെ തുടർന്ന് എറണാകുളം നഗരം വെള്ളത്തിൽ മുങ്ങിയതിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരസഭക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. നഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ല. എന്തിനാണ് ഇങ്ങനെയൊരു നഗരസഭയെന്നും ഹൈക്കോടതി ചോദിച്ചു

സർക്കാർ എന്തുകൊണ്ടാണ് നഗരസഭയെ പിരിച്ചുവിടാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. സർക്കാർ മുൻകൈയെടുത്ത് നടപടി സ്വീകരിക്കാനും ഹൈക്കോടതി സിംഗിൾ ബഞ്ച് നിർദേശിച്ചു. നേരത്തെ പേരണ്ടൂർ കനാൽ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അഡ്വക്കറ്റ് കമ്മീഷനെ കോടതി നിയോഗിച്ചിരുന്നു. കനാൽ ശുചീകരണം പോലും പൂർത്തിയാകുന്നില്ലെന്ന് കമ്മീഷൻ കണ്ടെത്തി.

ഈ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. നഗരസഭ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് കോടതി ആരാഞ്ഞു. മുൻസിപ്പാലിറ്റി ആക്ട് അനുസരിച്ച് സർക്കാരിന് നഗരസഭയെ പിരിച്ചുവിടാൻ സാധിക്കുമല്ലോ എന്ന ഗൗരവമായ പരാമർശം പോലും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

ജനങ്ങൾക്ക് ജീവിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. കൊച്ചിയെ സിംഗപ്പൂർ ആക്കണമെന്നല്ല പറയുന്നത്. വെള്ളപ്പൊക്കത്തിൽ നിന്ന് സമ്പന്നർക്ക് അതിവേഗം രക്ഷപ്പെടാൻ കഴിഞ്ഞേക്കാം. എന്നാൽ സാധരണക്കാർക്ക് അങ്ങനെ സാധിക്കണമെന്നില്ല. ചെളി നീക്കുന്ന കാര്യം പറഞ്ഞ് വർഷാവർഷം കോടികളാണ് ചെലവഴിക്കുന്നത്. എന്നിട്ടും ചെളിനീക്കൽ പൂർത്തിയാകുന്നില്ല. സർക്കാരിന്റെ നിലപാട് അടുത്ത ദിവസം തന്നെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു

 

Share this story