നാല് മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ ചോർന്നു; മഞ്ചേശ്വരത്ത് മാത്രം നേരിയ വർധന

നാല് മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ ചോർന്നു; മഞ്ചേശ്വരത്ത് മാത്രം നേരിയ വർധന

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. നാല് മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ ചോർന്നു. വിജയപ്രതീക്ഷ വെച്ചിരുന്ന വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്താൻ പോലും ബിജെപിക്ക് സാധിച്ചില്ല

മഞ്ചേശ്വരം മണ്ഡലത്തിൽ മാത്രമാണ് ബിജെപിക്ക് കുറച്ചെങ്കിലും ആശ്വസിക്കാനുള്ള വകയുള്ളത്. മഞ്ചേശ്വരത്ത് ബിജെപി രണ്ടാം സ്ഥാനം നിലനിർത്തി. 348 വോട്ടുകൾ മണ്ഡലത്തിൽ വർധിച്ചിട്ടുമുണ്ട്. എന്നാൽ മറ്റ് നാല് മണ്ഡലങ്ങളിലും വലിയ തോതിൽ വോട്ടുകൾ ചോർന്നു പോകുകയും ചെയ്തു

ബിജെപിയുടെ ശബരിമല സമരവും വിശ്വാസ സംരക്ഷണ വാദവുമൊക്കെ ജനങ്ങൾ തള്ളിക്കളഞ്ഞു. മത സാമുദായിക അടിസ്ഥാനത്തിൽ വോട്ട് പിടിക്കാമെന്ന മോഹം വ്യാമോഹമായി മാറി. വട്ടിയൂർക്കാവിൽ 2016ൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് വീണു. 27453 വോട്ടുകളാണ് ഇത്തവണ മണ്ഡലത്തിൽ കിട്ടിയത്. 2016ൽ 43700 വോട്ടുകളും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 50709 വോട്ടുകളും മണ്ഡലത്തിൽ ലഭിച്ചിരുന്നു

കോന്നിയിൽ 39786 വോട്ടുകളാണ് കെ സുരേന്ദ്രന് ലഭിച്ചത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 45506 വോട്ടുകൾ ബിജെപിക്ക് ലഭിച്ചിരുന്നു. എറണാകുളത്ത് 2016ൽ 14878 വോട്ടുകളുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 13351 വോട്ടുകൾ മാത്രമേ നേടാൻ സാധിച്ചുള്ളു. അരൂരിൽ ബിഡിജെഎസിന്റെ സ്ഥാനാർഥി 2016ൽ 27753 വോട്ടുകൾ നേടിയിരുന്നു. ഇത്തവണ 16215 വോട്ടുകൾ മാത്രമാണ് നേടാനായത്

 

Share this story