ഇവരാണ് വിജയികൾ: അഞ്ചിൽ മൂന്നെണ്ണം യുഡിഎഫിനൊപ്പം; രണ്ട് സീറ്റുകൾ പിടിച്ചെടുത്ത് എൽ ഡി എഫ്

ഇവരാണ് വിജയികൾ: അഞ്ചിൽ മൂന്നെണ്ണം യുഡിഎഫിനൊപ്പം; രണ്ട് സീറ്റുകൾ പിടിച്ചെടുത്ത് എൽ ഡി എഫ്

സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുവലതു മുന്നണികൾക്ക് ഒരേപോലെ നേട്ടം. യുഡിഎഫ് മൂന്ന് സീറ്റുകൾ നേടിയപ്പോൾ എൽ ഡി എഫ് രണ്ട് സീറ്റുകൾ സ്വന്തമാക്കി. എൽ ഡി എഫിന്റെ സിറ്റിംഗ് സീറ്റായ അരൂർ യുഡിഎഫ് പിടിച്ചെടുത്തു. അതേസമയം അരൂര് കൈവിട്ടെങ്കിലും യുഡിഎഫ് കോട്ടകളായ വട്ടിയൂർക്കാവും കോന്നിയും എൽ ഡി എഫ് പിടിച്ചെടുക്കുകയും ചെയ്തു

മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി എം സി കമറുദ്ദീൻ 11762 വോട്ടുകൾക്ക് വിജയിച്ചു.

എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടിജെ വിനോദ് 3673 വോട്ടുകൾക്ക് വിജയിച്ചു. ശക്തമായ കോട്ടയായിരുന്നിട്ടും ഭൂരിപക്ഷം കുറഞ്ഞത് യുഡിഎഫിന് ക്ഷീണമാണ്. അതേസമയം പോളിംഗ് ദിനത്തിലെ കനത്ത മഴയാണ് ഭൂരിപക്ഷം കുറയാൻ കാരണമായതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

അരൂരാണ് ഏറ്റവും ആകാംക്ഷ നിറച്ച മത്സരം നടന്നത്. അവസാന റൗണ്ട് വരെ ആര് വിജയിക്കുമെന്ന് ഉറപ്പിക്കാനാകാത്ത നിലയിലായിരുന്നു മത്സരം. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ 2029 വോട്ടുകൾക്ക് മുന്നിലാണ്. ഇനി ഒരു ബൂത്തിലെ വോട്ടുകൾ മാത്രമാണ് എണ്ണാനുള്ളത്. എങ്കിലും യുഡിഎഫ് സ്ഥാനാർഥി വിജയമുറപ്പിച്ചു കഴിഞ്ഞു. എൽ ഡി എഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തത് യുഡിഎഫിന് നേട്ടമാണ്

കോന്നിയിൽ 23 വർഷത്തിന് ശേഷം എൽ ഡി എഫ് പിടിച്ചെടുത്തു. കെ യു ജനീഷ് കുമാർ 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലം പിടിച്ചെടുത്തത്. 1996 മുതൽ യുഡിഎഫിനെ തുടർച്ചയായി പിന്തുണച്ച മണ്ഡലമാണിത്

വട്ടിയൂർക്കാവിൽ എല്ലാവരെയും നിക്ഷ്പ്രഭരാക്കി മേയർ ബ്രോ എന്ന് പേരുള്ള വി കെ പ്രശാന്തിന്റെ തേരോട്ടമാണ് കണ്ടത്. പാർട്ടിയും സ്ഥാനാർഥിയും കരുതിയതിനേക്കാൾ വൻ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് സ്ഥാനാർഥിയുടെ വിജയം. 14465 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രശാന്തിന് മണ്ഡലത്തിൽ കിട്ടിയത്. യുഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തതിന് പിന്നാലെ മികച്ച ഭൂരിപക്ഷം നേടാനായതും എൽ ഡി എഫിന് വൻ നേട്ടമാണ്

 

Share this story