2016ൽ മൂന്നാം സ്ഥാനത്ത്, ഇപ്പോൾ പതിമൂവായിരത്തിലേറെ വോട്ടുകൾക്ക് മുന്നിൽ; വട്ടിയൂർക്കാവിൽ താരമായി മേയർ ബ്രോ

2016ൽ മൂന്നാം സ്ഥാനത്ത്, ഇപ്പോൾ പതിമൂവായിരത്തിലേറെ വോട്ടുകൾക്ക് മുന്നിൽ; വട്ടിയൂർക്കാവിൽ താരമായി മേയർ ബ്രോ

അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും തകർപ്പൻ വിജയം വട്ടിയൂർക്കാവിൽ എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് നേടിയതാണ്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തിൽ ഏതാണ്ട് ഏകപക്ഷീയമായ വിജയമാണ് പ്രശാന്ത് സ്വന്തമാക്കിയിരിക്കുന്നത്.

നിലവിൽ 13867 വോട്ടുകളുടെ ലീഡാണ് വി കെ പ്രശാന്തിനുള്ളത്. സിറ്റിംഗ് സീറ്റ് നിലനിർത്താനൊരുങ്ങിയ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് മണ്ഡലത്തിൽ ലഭിച്ചിരിക്കുന്നത്. വിജയം മോഹിച്ച് ഇറങ്ങിയ ബിജെപിയാകട്ടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു

മതസാമുദായിക സംഘടനകളെ പ്രീണിപ്പിച്ച് വോട്ട് നേടാമെന്ന യുഡിഎഫിന്റെയും ബിജെപിയുടെയും മോഹങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടി കൂടിയാണ് വട്ടിയൂർക്കാവിലേത്. എൻ എസ് എസ് അടക്കമുള്ള സമുദായ സംഘടനകൾ പരസ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടും പ്രശാന്ത് നേടിയ ലീഡ് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്

2016ൽ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു എൽ ഡി എഫ്. ഇതേ മണ്ഡലത്തിലാണ് മൂന്ന് വർഷങ്ങൾക്കിപ്പുറം എൽ ഡി എഫ് സ്ഥാനാർഥി പതിമൂവായിരത്തിലേറെ വോട്ടുകൾക്ക് മുന്നിലെത്തിയിരിക്കുന്നത്.

മേയർ എന്ന നിലയിലുള്ള വി കെ പ്രശാന്തിന്റെ പ്രവർത്തനവും ഇടതുസർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസവുമാണ് മണ്ഡലത്തിൽ കാണാനാകുന്നത്. യുഡിഎഫിനായി മോഹൻകുമാറും എൻ ഡി എക്ക് വേണ്ടി എസ് സുരേഷുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.

 

Share this story