താനൂരിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകം: സഭയിൽ പ്രതിപക്ഷ ബഹളം

താനൂരിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകം: സഭയിൽ പ്രതിപക്ഷ ബഹളം

താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്നും പള്ളിത്തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നുമുള്ള വി അബ്ദുറഹ്മാൻ എംഎൽഎയുടെ പരാമർശമാണ് ബഹളത്തിന് കാരണമായത്.

ഇസഹാഖ് എന്ന ലീഗു പ്രവർത്തകന്റെ കൊലപാതകം സിപിഎം പ്രവർത്തകർ ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി എം കെ മുനീർ പറഞ്ഞു. താനൂരിൽ 60 വർഷത്തോളം ലീഗ് എംഎൽഎ ഉണ്ടായിരുന്നപ്പോൾ ഒരു സിപിഎം പ്രവർത്തകൻ പോലും കൊല്ലപ്പെട്ടിരുന്നില്ല.. എന്നാൽ മൂന്നര വർഷക്കാലം കൊണ്ട് സിപിഎം എംഎൽഎയുടെ ഭരണത്തിൽ ലീഗ് പ്രവർത്തകന്റെ ജീവനെടുക്കുന്ന സ്ഥിതിയുണ്ടായി. പി ജയരാജൻ താനൂരിൽ വന്നതിന് ശേഷമാണ് കൊലപാതകത്തിനുള്‌ല നീക്കം തുടങ്ങിയതെന്നും മുനീർ ആരോപിച്ചു

അതേസമയം കൊലപാതകത്തിൽ രാഷ്ട്രീയമുണ്ടെന്ന് സ്ഥിരീകരിക്കാൻ മുഖ്യമന്ത്രിയും തയ്യാറായില്ല. മൂന്ന് പ്രതികൾ പിടിയിലായിട്ടുണ്ട്. ആയുധങ്ങൾ പിടിച്ചെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളിലൊരാളുടെ സഹോദരനുമായുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

 

Share this story