തെളിവുകളുടെ അപര്യാപ്തത, സാക്ഷികളുടെ കൂറുമാറ്റം, പോലീസിന്റെ വീഴ്ച: വാളയാർ കേസിലെ വിധിപ്പകർപ്പ് പുറത്ത്

തെളിവുകളുടെ അപര്യാപ്തത, സാക്ഷികളുടെ കൂറുമാറ്റം, പോലീസിന്റെ വീഴ്ച: വാളയാർ കേസിലെ വിധിപ്പകർപ്പ് പുറത്ത്

വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട കോടതിയുടെ വിധിപ്പകർപ്പ് പുറത്തുവന്നു. പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് വിധിപ്പകർപ്പിൽ പറയുന്നു. മൂത്ത പെൺകുട്ടിയുടെയും ഇളയ പെൺകുട്ടിയുടെയും മരണങ്ങളിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ തെളിവുകൾ തീർത്തും അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിക്കുന്നു

പ്രതികൾ കുട്ടികളെ പീഡിപ്പിച്ചിരിക്കാമെന്ന സാധ്യത മാത്രമാണ് കുറ്റപത്രത്തിലുള്ളത്. സാധ്യത വെച്ച് ആരെയും ശിക്ഷിക്കാനാകില്ലെന്ന് കോടതി പറയുന്നു. ശാസ്ത്രീയ തെളിവുകൾ പുറത്തുവിടാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും പോക്‌സോ കോടതി അഡീ. സെഷൻസ് ജഡ്ജി എസ് മുരളീകൃഷ്ണ വിമർശിക്കുന്നു

ബലാത്സംഗം പോലുള്ള കേസുകൾ കോടതിക്ക് മുന്നിലെത്തിക്കുമ്പോൾ കൊണ്ടുവരേണ്ട അടിസ്ഥാനപരമായ തെളിവുകൾ പോലും കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കിയിട്ടില്ല. അച്ഛനമ്മമാർ ഒഴികെ മറ്റ് മിക്ക സാക്ഷികളും കേസിൽ കൂറുമാറിയതും കോടതി എടുത്തുപറയുന്നു. മൂത്ത പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് 57 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. എന്നാൽ 30 പേരെ മാത്രമാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. ഇതിൽ ആറ് പ്രധാന സാക്ഷികൾ കൂറുമാറി.

ഇളയ പെൺകുട്ടിയുടെ മരണത്തിൽ 48 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. ഇതിൽ വിസ്തരിച്ചത് 19 സാക്ഷികളെ മാത്രമാണ്. ഇതിൽ പെൺകുട്ടിയെ മരണത്തിന് മുമ്പ് നേരിട്ടറിയാവുന്നത് ആറ് പേർ മാത്രമാണ്. ഇതിൽ നാല് പേർ കൂറുമാറി. ഇത്തരം സാക്ഷിമൊഴികൾ വെച്ച് എങ്ങനെയാണ് പോലീസ് കുറ്റം തെളിയിക്കുന്നതെന്നും കോടതി ചോദിക്കുന്നു.

ഇളയ പെൺകുട്ടിയുടേത് ആത്മഹത്യാ ശ്രമമാക്കി മാറ്റാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചതെന്ന വിമർശനവും കോടതി ഉന്നയിക്കുന്നുണ്ട്.

 

Share this story