രാഷ്ട്രപതി ഭരണം പറഞ്ഞ് പേടിപ്പിക്കാൻ നിൽക്കേണ്ട; ബിജെപിക്കെതിരെ ശിവസേന

രാഷ്ട്രപതി ഭരണം പറഞ്ഞ് പേടിപ്പിക്കാൻ നിൽക്കേണ്ട; ബിജെപിക്കെതിരെ ശിവസേന

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ ബിജെപിക്കെതിരെ നിലപാട് കൂടുതൽ ശക്തമാക്കി ശിവസേന. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകേണ്ടി വരുമെന്ന ബിജെപി നേതാവ് സുധീർ മുങ്കന്തിവാറിന്റെ പരാമർശത്തിനെതിരെ ശിവസേന രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്ച ഒന്ന് കഴിഞ്ഞിട്ടും സർക്കാർ രൂപീകരണ ചർച്ചകൾ പോലും മഹാരാഷ്ട്രയിൽ തുടങ്ങിവെക്കാൻ ബിജെപിക്കും ശിവസേനക്കുമിടയിൽ സാധിച്ചിട്ടില്ല. നവംബർ 7നകം പുതിയ സർക്കാർ വന്നില്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്നായിരുന്നു സുധീർ പറഞ്ഞത്.

സുധീറിന്റേത് ഭീഷണിപ്പെടുത്തൽ ആണെന്നും ഭരണഘടന, ജനാധിപത്യ വിരുദ്ധമാണെന്നും ശിവസേന ആരോപിച്ചു. ഇത് മുഗളൻമാരുടെ ആജ്ഞ പോലെയാണ് തോന്നുന്നത്. നിയമവും ഭരണഘടനയും എന്താണെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം.

ഭൂരിപക്ഷം നേടാനാകാത്തവർ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഭരിക്കാൻ വേണ്ടി മാത്രം ജനിച്ചവരാണെന്നാണ് ചിലർ കരുതിയത്. ഇവർ തന്നെയാണ് രാഷ്ട്രപതി ഭരണം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതെന്നും സാമ്‌നയിൽ എഴുതിയ ലേഖനത്തിൽ ശിവസേന പറയുന്നു

 

Share this story