തൃശ്ശൂരിൽ വൻ കള്ളനോട്ട് വേട്ട; 40 ലക്ഷത്തിന്റെ കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ

തൃശ്ശൂരിൽ വൻ കള്ളനോട്ട് വേട്ട; 40 ലക്ഷത്തിന്റെ കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ

തൃശ്ശൂർ കാഞ്ഞാണിയിൽ വൻ കള്ളനോട്ട് വേട്ട. 40 ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂർ കേരച്ചം വീട്ടിൽ നിസാർ(42), കണ്ണിങ്കലത്ത് ജഹാംഗീർ(47) എന്നിവരാണ് അറസ്റ്റിലായത്.

അന്തിക്കാട് സെന്ററിലെ മുട്ടക്കടയിൽ 2000 രൂപയുടെ കള്ളനോട്ട് മാറാൻ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കടയിലെത്തിയ ഇവർ 500 രൂപക്ക് മുട്ട വാങ്ങിയ ശേഷം 2000 രൂപയുടെ കള്ളനോട്ട് കൊടുക്കുകയായിരുന്നു. ബാക്കി 1500 നൽകിയെങ്കിലും വാങ്ങിയ മുട്ടകൾ എടുക്കാതെയാണ് ഇവർ പോയത്. കടക്കാൻ ഈ 2000 രൂപയുമായി മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയപ്പോഴാണ് നോട്ട് കള്ളനോട്ടാണെന്ന് വ്യക്തമായത്.

തുടർന്ന് ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസിന് പ്രതികളെ കുറിച്ച് വിവരം ലബിച്ചു. കാരമുക്കിലെ ബേക്കറിയുടെ മുന്നിൽ നിന്നാണ് രാത്രിയോടെ പ്രതികളെ നോട്ട് അടക്കം പിടിച്ചത്. കള്ളനോട്ടുകൾ പ്ലാസ്റ്റിക് കവറിലാക്കി സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. രണ്ടായിരത്തിന്റെ 20 കെട്ടുകളാണ് കവറിലുണ്ടായിരുന്നത്.

 

Share this story