നവോത്ഥാന സമിതിയില്‍ വിള്ളല്‍; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പുന്നല ശ്രീകുമാര്‍

നവോത്ഥാന സമിതിയില്‍ വിള്ളല്‍; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പുന്നല ശ്രീകുമാര്‍

ശബരിമല യുവതി പ്രവേശന നിലപാടിനെ ചൊല്ലി നവോത്ഥാന സമിതിയില്‍ വിള്ളല്‍. പുന:പരിശോധന ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ടതിന് പിന്നാലെ ഹര്‍ജികളില്‍ തീര്‍പ്പ് വരും വരെ യുവതി പ്രവേശനം അനുവദിക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇത് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് എതിരാണെന്ന് നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ആരോപിച്ചു

യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണ്. സര്‍ക്കാരിന്റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് വിഷയത്തില്‍ പിണറായി സര്‍ക്കാരിനെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചു

യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് വി എസ് സര്‍ക്കാരും പിന്നീട് പിണറായി സര്‍ക്കാരും സ്വീകരിച്ചിരുന്നത്. എന്നാല്‍ നിലവിലെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു. പരിഷ്‌കരണ ആശയങ്ങളെ പുറകോട്ട് അടിക്കാനെ ഇത്തരം തീരുമാനങ്ങള്‍ ഉപകരിക്കു. സര്‍ക്കാരും സിപിഎം അടക്കമുള്ള സംഘടനാ നേതൃത്വവും നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു

 

Share this story