ഷെഹ്ലയുടെ മരണം: കുറ്റകരമായ അനാസ്ഥയുണ്ടായതായി വിദ്യാഭ്യാസ മന്ത്രി; കർശന നടപടി സ്വീകരിക്കും

ഷെഹ്ലയുടെ മരണം: കുറ്റകരമായ അനാസ്ഥയുണ്ടായതായി വിദ്യാഭ്യാസ മന്ത്രി; കർശന നടപടി സ്വീകരിക്കും

വയനാട് സുൽത്താൻ ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ കുറ്റകരമായ അനാസ്ഥ സ്‌കൂൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്

വൈദ്യസഹായം ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയതായി വ്യക്തമായി. ശക്തമായ നടപടി തന്നെയുണ്ടാകും. ക്ലാസ് മുറിക്കുള്ളിൽ ചെരിപ്പിടാൻ പാടില്ലെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടില്ല. ഈ സ്‌കൂളിൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പരിശോധിക്കും.

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഈ സ്‌കൂളിന് ഒരു കോടി രൂപ സർക്കാർ അനുവദിച്ചിരുന്നതാണ്. നിലവിലുള്ള കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിനാണ് തുക അനുവദിച്ചിരുന്നത്. പുതിയ കെട്ടിടത്തിന്റെ നിർമാണം വേഗത്തിൽ ആരംഭിക്കും. നിലവിലുള്ള ക്ലാസ് മുറികളിലെ കുഴികൾ അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ആരോപണ വിധേയനായ അധ്യാപകനെതിരെ നടപടിയെടുത്തിട്ടുണ്ട്. മറ്റുള്ള അധ്യാപകർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന് വലിയ വേദനയുണ്ട്. മരിച്ച കുട്ടിയുടെ വീട്ടിൽ ശനിയാഴ്ച രാവിലെ എത്തി മാതാപിതാക്കളെയും കാണുമെന്നും മന്ത്രി പറഞ്ഞു

 

Share this story