വാളയാർ കേസ്: ജുഡീഷ്യൽ അന്വേഷണമല്ല സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് മുല്ലപ്പള്ളി

വാളയാർ കേസ്: ജുഡീഷ്യൽ അന്വേഷണമല്ല സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് മുല്ലപ്പള്ളി

വാളയാറിൽ രണ്ട് ദളിത് പെൺകുട്ടികൾ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമല്ല സി.ബി.ഐ അന്വേഷണം തന്നെയാണ് വേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
യഥാർത്ഥ പ്രതികളെ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമെ കഴിയു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനം അംഗീകരിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു

സി.പി.എമ്മുകാരായ പ്രതികളെ രക്ഷിക്കാനായുള്ള മറ്റൊരു ഗൂഢനീക്കമായിട്ടെ ഈ തീരുമാനത്തെ കാണാനാകുയെന്നും മുല്ലപ്പള്ളി പറഞ്ഞു.
കൊലയാളികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കി നീതിനിഷേധിക്കുന്ന ഈ നടപടി കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. സി.ബി.ഐ അന്വേഷണമെന്ന ആവശ്യം കോൺഗ്രസ് തുടക്കം മുതൽ ഉന്നയിച്ചതാണ്. എന്നാൽ സർക്കാരിന് സി.ബി.ഐ അന്വേഷണത്തോട് ഒട്ടും താൽപ്പര്യമില്ല. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.

അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്ത നിരവധി ജുഡീഷ്യൽ കമ്മീഷനുകളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ നടന്ന മിക്ക ജുഡിഷ്യൽ അന്വേഷണങ്ങളും അനന്തമായി നീണ്ടുപോകുകയും പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്നത് കേരളീയ പൊതുസമൂഹം കണ്ടിട്ടുണ്ട്.
പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ച് സി.പി.എമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്തിയ കേസാണിത്.

ഹൈക്കോടതി പ്രഖ്യാപിക്കുന്ന ജുഡിഷ്യൽ അന്വേഷണങ്ങൾക്ക് ഒരു സ്വീകാര്യതയുണ്ട്. മറിച്ചുള്ള പല ജുഡീഷ്യൽ അന്വേഷണങ്ങൾ സർക്കാരിന് സഹായിക്കുന്ന റിപ്പോർട്ടാണ് നൽകാറുള്ളതെന്ന ആക്ഷേപം പൊതുസമൂഹത്തിനുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Share this story