വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ബത്തേരി താലൂക്ക് ആശുപത്രി ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ബത്തേരി താലൂക്ക് ആശുപത്രി ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ

സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി. പാമ്പുകടിയേറ്റ ഷെഹ്ലയെ ആദ്യമെത്തിച്ചത് ബത്തേരി താലൂക്ക് ആശുപത്രിയിലേക്കായിരുന്നു. ആന്റിവെനം നൽകാൻ അനുമതി ചോദിച്ചപ്പോൾ ഡോക്ടർ ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും ആന്റിവെനം നൽകാൻ നിരവധി പ്രൊസസുകൾ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു

താലൂക്ക് ആശുപത്രി അധികൃതർ ആന്റിവെനം നൽകാൻ വിസമ്മതിച്ചതായി ഷെഹ്ലയുടെ പിതാവ് അസീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുട്ടിയുടെ നില മോശമായി തുടങ്ങിയ സാഹചര്യത്തിലും താൻ നിർബന്ധിച്ച് പറഞ്ഞിട്ടും ആന്റിവെനം നൽകാൻ താലൂക്ക് ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും പിതാവ് പറഞ്ഞിരുന്നു.

മുക്കാൽ മണിക്കൂറോളം ഒബ്‌സർവേഷനിൽ കിടക്കണമെന്ന് ഡോക്ടർ പറഞ്ഞു. രക്തം പരിശോധനക്ക് അയച്ചു. ഇതിനിടെ കുട്ടി ഛർദിച്ചു. തുടർന്നാണ് ഇവിടെ നിർത്തിയിട്ട് കാര്യമില്ലെന്നും മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ്‌ക്കോളാനും ഡോക്ടർ പറഞ്ഞത്.

 

Share this story