പാമ്പുകടിയേറ്റ് വിദ്യാർഥിനിയുടെ മരണം: സ്‌കൂൾ പ്രിൻസിപ്പാളിനെയും ഹെഡ്മാസ്റ്ററെയും സസ്‌പെൻഡ് ചെയ്തു, പിടിഎ കമ്മിറ്റി പിരിച്ചുവിട്ടു

പാമ്പുകടിയേറ്റ് വിദ്യാർഥിനിയുടെ മരണം: സ്‌കൂൾ പ്രിൻസിപ്പാളിനെയും ഹെഡ്മാസ്റ്ററെയും സസ്‌പെൻഡ് ചെയ്തു, പിടിഎ കമ്മിറ്റി പിരിച്ചുവിട്ടു

വയനാട് സുൽത്താൻ ബത്തേരിയിലെ സർവജന ഗവ. വൊക്കേഷണൽ ഹയർ സെക്കന്റി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ നടപടികൾ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാളിനെയും ഹെഡ് മാസ്റ്ററെയും സസ്‌പെൻഡ് ചെയ്തു. പ്രിൻസിപ്പാൾ കരുണാകരനെയും ഹെഡ്മാസ്റ്റർ കെ മോഹൻ കുമാറിനെയുമാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്

സ്‌കൂൾ പിടിഎ കമ്മിറ്റിയും പിരിച്ചുവിട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിനെ തുടർന്നാണ് നടപടി. അതേസമയം ഷെഹ്ല ഷെറിന്റെ മരണത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ അലടയിക്കുകയാണ്. ഡിവൈഎഫ്‌ഐ, എസ് എഫ് ഐ, കെ എസ് യു സംഘടനകൾ നേരത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വയനാട് കലക്ടേറ്റിൽ പ്രതിഷേധം തുടരുകയാണ്

കഴിഞ്ഞ ദിവസം ക്ലാസ് മുറിയിൽ വെച്ചാണ് ഷെഹ്ലക്ക് പാമ്പുകടിയേറ്റത്. തന്നെ പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും അധ്യാപകൻ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു. ഒടുവിൽ കുട്ടിയുടെ പിതാവ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. നാല് ആശുപത്രികളിലായി കുട്ടിയെയും കൊണ്ട് ഇവർ കയറിയിറങ്ങുകയും ചെയ്തു. മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരിച്ചത്. ചികിത്സ വൈകിയതാണ് മരണത്തിന് കാരണമായത്. അധ്യാപകനായ ഷജിലിനെ ഇന്നലെ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു

 

Share this story