ഷഹലയുടെ വീട്ടില്‍ വിദ്യാഭ്യാസ മന്ത്രിയെത്തി; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പ് നല്‍കി

ഷഹലയുടെ വീട്ടില്‍ വിദ്യാഭ്യാസ മന്ത്രിയെത്തി; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പ് നല്‍കി

സുല്‍ത്താന്‍ ബത്തേരി സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന്റെ വീട്ടില്‍ വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് എത്തി. രക്ഷിതാക്കളെയും ബന്ധുക്കളെയും മന്ത്രി ആശ്വസിപ്പിച്ചു. കൃഷി മന്ത്രി വി എസ് സുനില്‍കുമാറും സി രവീന്ദ്രനാഥിനൊപ്പമുണ്ടായിരുന്നു

ശനിയാഴ്ച രാവിലെ 7.45ഓടെയാണ് മന്ത്രിമാര്‍ ഷഹലയുടെ വീട്ടിലെത്തിയത്. ഉപ്പ അസീസിനെയും ഉമ്മ സജ്‌നയെയും ഇവര്‍ കണ്ടു. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു.

വീട്ടില്‍ നിന്നും മന്ത്രിമാര്‍ നേരെ അപകടം നടന്ന സ്‌കൂളിലേക്കാണ് എത്തിയത്. ഷഹലക്ക് അപകടം സംഭവിച്ച ക്ലാസ് മുറിയും മുറിയിലെ മാളവും ഇവര്‍ കണ്ടു. സ്‌കൂള്‍ അധികൃതരോട് വിവരങ്ങള്‍ തേടുകയും ചെയ്തു. എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഐസി ബാലകൃഷ്ണന്‍, വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെനന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, ഹെഡ്മാസ്റ്റര്‍, അധ്യാപകന്‍ ഷജില്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

 

Share this story