ഷഹലയുടെ മരണം: ചികിത്സാപിഴവ് വരുത്തിയ ഡോക്ടർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്; ഡോക്ടറെ തള്ളി കലക്ടറും ഡിഎംഒയും

ഷഹലയുടെ മരണം: ചികിത്സാപിഴവ് വരുത്തിയ ഡോക്ടർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്; ഡോക്ടറെ തള്ളി കലക്ടറും ഡിഎംഒയും

സുൽത്താൻ ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഷഹല ഷെറിൻ ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്. ബത്തേരി താലൂക്കാശുപത്രിയിലെ ഡോക്ടർ ജിസയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇതിനായി മുതിർന്ന അഭിഭാഷരുടെ നിയമോപദേശവും ഇവർ തേടിയിട്ടുണ്ട്.

ജില്ലാ കോടതി നേരിട്ട് സംഭവസ്ഥലം പരിശോധിച്ചതിനാൽ അവിടെ ജാമ്യാപേക്ഷ നൽകിയിട്ട് കാര്യമില്ലെന്നുമുള്ള നിയമോപദേശമാണ് ജിസക്ക് ലഭിച്ചത്. മരുന്നുകളുടെ അഭാവവും മറ്റ് അസൗകര്യങ്ങളും പ്രതിസന്ധിയായി എന്ന് കോടതയിൽ വിശദീകരിക്കാനാണ് ഡോ. ജിസ ശ്രമിക്കുന്നത്.

ഷഹലക്ക് നൽകാൻ ബത്തേരി ആശുപത്രിയിൽ ആവശ്യത്തിന് പ്രതിവിഷം ഇല്ലായിരുന്നുവെന്ന ഡോക്ടറുടെ വാദം പച്ചക്കള്ളമെന്ന് ജില്ലാ കലക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും അറിയിച്ചു. കുട്ടിയെ മെഡിക്കൽ കോളജിലേക്ക് അയച്ച വിവരം പോലും ആശുപത്രി സൂപ്രണ്ടിനെ അറിയിക്കാൻ ഡോ. ജിസ തയ്യാറായിരുന്നില്ല. ഗുരുതര വീഴ്ചയാണ് ഡ്യൂട്ടി ഡോക്ടർ നടത്തിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസറും പ്രതികരിച്ചു

ആശുപത്രിയിൽ ഷഹലക്ക് നൽകാനാവശ്യമായ പ്രതിവിഷം സ്റ്റോക്ക് ഇല്ലായിരുന്നുവെന്നും നൽകിയാൽ സംഭവിക്കാനിടയായ അപകടം കൈകാര്യം ചെയ്യാനുള്ള വെന്റിലേറ്റർ സൗകര്യം ഇല്ലായിരുന്നുവെന്നുമുള്ള വാദങ്ങളാണ് ഡോ. ജിസ കഴിഞ്ഞ ദിവസം ഉയർത്തിയത്. എന്നാൽ ഈ രണ്ട് വാദവും കലക്ടർ തള്ളിക്കളഞ്ഞു

ഷഹലയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ 25 ഡോസ് പ്രതിവിഷം ഉണ്ടായിരുന്നു. മുതിർന്ന ഒരാൾക്ക് പോലും 10 ഡോസ് പ്രതിവിഷമാണ് ആദ്യം നൽകുക. കൂടുതൽ ആവശ്യമെങ്കിൽ മറ്റ് ആശുപത്രികളിൽ നിന്ന് എത്തിക്കാമായിരുന്നു. വെന്റിലേറ്റർ പ്രവർത്തിക്കുന്നില്ലെന്ന ജിസയുടെ വാദവും നുണയാണ്. രണ്ട് വെന്റിലേറ്ററുകളിൽ ഒന്ന് മാത്രമാണ് പ്രവർത്തിക്കാത്തതെന്നും ഡിഎംഒ അറിയിച്ചു.

 

Share this story