ഷഹലയുടെ മരണം: പ്രതികരിച്ച വിദ്യാർഥിനിക്കും അച്ഛനും ഭീഷണി; നാട്ടിൽ ഒറ്റപ്പെടുത്തുമെന്നും മുന്നറിയിപ്പ്

ഷഹലയുടെ മരണം: പ്രതികരിച്ച വിദ്യാർഥിനിക്കും അച്ഛനും ഭീഷണി; നാട്ടിൽ ഒറ്റപ്പെടുത്തുമെന്നും മുന്നറിയിപ്പ്

ബത്തേരി ഗവ. സർവജന സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റ മരിച്ച സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച സഹപാഠികൾക്കും രക്ഷിതാക്കൾക്കും ഭീഷണി. നാട്ടുകാരിൽ ചിലരാണ് ഇവരെ ഭീഷണിപ്പെടുത്തിയത്. നാട്ടിൽ ഒറ്റപ്പെടുത്തുമെന്നതടക്കമുള്ള ഭീഷണികളാണ് ഇവർക്കെതിരെ ഉയരുന്നത്.

ഷഹലയുടെ സഹപാഠി വിസ്മയും പിതാവ് രാജേഷും ഇതുസംബന്ധിച്ച് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇവരുടെ പ്രതികരണം. സ്‌കൂളിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവർക്കെതിരെ ഭീഷണി ഉയരുന്നത്. ബാലാവകാശ കമ്മീഷനിൽ മൊഴി നൽകിയതിന് പിന്നാലെയായിരുന്നു ഭീഷണികൾ

മക്കളെ ഓരോന്ന് പഠിപ്പിച്ച് സ്‌കൂളിനെ തകർക്കാനാണ് ശ്രമമെങ്കിൽ ചാനലുകൾ നാളെ പോകും നിങ്ങൾ അനുഭവിക്കും എന്ന് രാജേഷിനെ ചിലർ ഭീഷണിപ്പെടുത്തി. എന്നാൽ ഷഹലയുടെ കുടുംബത്തിന് വേണ്ടി ഇനിയും പ്രതികരിക്കുമെന്നാണ് രാജേഷിന്റെ പ്രതികരണം.

മകളെ കുറിച്ചോർത്ത് അഭിമാനമേയുള്ളു. താൻ പറഞ്ഞു കൊടുത്തിട്ടല്ല മകൾ മാധ്യമങ്ങളോട് പ്രതികരിച്ചതെന്നും രാജേഷ് പറഞ്ഞു. സത്യങ്ങളാണ് വിളിച്ചു പറഞ്ഞതെന്നും ആരും പറഞ്ഞുതന്നതല്ലെന്നും വിസ്മയയും പ്രതികരിച്ചു

 

Share this story