ഷഹലയുടെ മരണം: അധ്യാപകനും ഡോക്ടറുമടക്കം നാല് പേർ ഒളിവിൽ; മുൻകൂർ ജാമ്യം തേടി ഡോക്ടർ ഹൈക്കോടതിയിലേക്കും

ഷഹലയുടെ മരണം: അധ്യാപകനും ഡോക്ടറുമടക്കം നാല് പേർ ഒളിവിൽ; മുൻകൂർ ജാമ്യം തേടി ഡോക്ടർ ഹൈക്കോടതിയിലേക്കും

വയനാട് സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ വിദ്യാർഥിനി ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കേസെടുത്ത നാല് പേരും ഒളിവിൽ പോയി. കുട്ടിയുടെ അധ്യാപകൻ ഷജിൽ, ഹെഡ്മാസ്റ്റർ മോഹൻകുമാർ, പ്രിൻസിപ്പാൾ കരുണാകരൻ, കുട്ടിയെ ചികിത്സിച്ച ഡോക്ടർ ജിസ എന്നിവരാണ് ഒളിവിൽ പോയത്.

ഇവരുടെ വീട്ടിലെത്തിയ അന്വേഷണ സംഘം മൊഴിയെടുക്കാനാകാതെ മടങ്ങി. സ്ഥലത്തില്ലെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു. എത്തിയാലുടൻ സ്‌റ്റേഷനിൽ എത്താൻ അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്.

ഷഹലയെ ചികിത്സിച്ച ബത്തേരി താലൂക്കാശുപത്രിയിലെ ഡോക്ടർ ജിസ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയിൽ നാളെ ജാമ്യാപേക്ഷ ഫയൽ ചെയ്യും.

അതേസമയം, ഷഹലക്ക് നൽകാൻ ബത്തേരി ആശുപത്രിയിൽ ആവശ്യത്തിന് പ്രതിവിഷം ഇല്ലായിരുന്നുവെന്ന ഡോക്ടറുടെ വാദം പച്ചക്കള്ളമെന്ന് ജില്ലാ കലക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും അറിയിച്ചു. കുട്ടിയെ മെഡിക്കൽ കോളജിലേക്ക് അയച്ച വിവരം പോലും ആശുപത്രി സൂപ്രണ്ടിനെ അറിയിക്കാൻ ഡോ. ജിസ തയ്യാറായിരുന്നില്ല. ഗുരുതര വീഴ്ചയാണ് ഡ്യൂട്ടി ഡോക്ടർ നടത്തിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസറും പ്രതികരിച്ചു

ആശുപത്രിയിൽ ഷഹലക്ക് നൽകാനാവശ്യമായ പ്രതിവിഷം സ്റ്റോക്ക് ഇല്ലായിരുന്നുവെന്നും നൽകിയാൽ സംഭവിക്കാനിടയായ അപകടം കൈകാര്യം ചെയ്യാനുള്ള വെന്റിലേറ്റർ സൗകര്യം ഇല്ലായിരുന്നുവെന്നുമുള്ള വാദങ്ങളാണ് ഡോ. ജിസ കഴിഞ്ഞ ദിവസം ഉയർത്തിയത്. എന്നാൽ ഈ രണ്ട് വാദവും കലക്ടർ തള്ളിക്കളഞ്ഞു

ഷഹലയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ 25 ഡോസ് പ്രതിവിഷം ഉണ്ടായിരുന്നു. മുതിർന്ന ഒരാൾക്ക് പോലും 10 ഡോസ് പ്രതിവിഷമാണ് ആദ്യം നൽകുക. കൂടുതൽ ആവശ്യമെങ്കിൽ മറ്റ് ആശുപത്രികളിൽ നിന്ന് എത്തിക്കാമായിരുന്നു. വെന്റിലേറ്റർ പ്രവർത്തിക്കുന്നില്ലെന്ന ജിസയുടെ വാദവും നുണയാണ്. രണ്ട് വെന്റിലേറ്ററുകളിൽ ഒന്ന് മാത്രമാണ് പ്രവർത്തിക്കാത്തതെന്നും ഡിഎംഒ അറിയിച്ചു.

 

Share this story