തൃപ്തി ദേശായിയുടെ വരവിന് പിന്നിൽ ഗൂഢാലോചന; എല്ലാം തിരക്കഥയെന്നും മന്ത്രി കടകംപള്ളി

തൃപ്തി ദേശായിയുടെ വരവിന് പിന്നിൽ ഗൂഢാലോചന; എല്ലാം തിരക്കഥയെന്നും മന്ത്രി കടകംപള്ളി

ശബരിമലയിലേക്കെന്ന പേരിൽ തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന സംശയം സർക്കാരിനുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബിജെപിയുടെ ശക്തികേന്ദ്രമായ മഹാരാഷ്ട്രയിൽ നിന്നും ശബരിമലയിലേക്ക് എന്ന പേരിൽ നെടുമ്പാശ്ശേരിയിൽ പുലർച്ചെ എത്തുക. ഒരു ചാനൽ മാത്രം ആ വിവരം അറിയുക. അവർ തൃപ്തിയുടെ പ്രതികരണമെടുക്കുക. ഇതെല്ലാം ഒരു തിരക്കഥ പോലെ തോന്നുന്നതായി കടകംപള്ളി പറഞ്ഞു

നെടുമ്പാശ്ശേരിയിൽ നിന്നും ശബരിമലയിലേക്കെന്ന് പറഞ്ഞാണ് തൃപ്തി ദേശായി പോയത്. പിന്നീട് അവരെ കാണുന്നത് കൊച്ചി കമ്മീഷണർ ഓഫീസിസിലാണ്. അവിടെ അപ്പോഴേക്കും കുറേപേർ പ്രതിഷേധമെന്ന പേരിൽ രംഗത്തുവരുന്നു. ഇതിനിടെ ഒരാളെ മുളക് പൊടി എറിഞ്ഞ് ആക്രമിക്കുന്നു. ബിന്ദു അമ്മിണിക്കെതിരായ ആക്രമണം പോലും കൃത്യമായ ഗൂഢാലോചനയാണെന്നും മന്ത്രി പറഞ്ഞു

മാധ്യമങ്ങളെല്ലാം തന്നെ ഇതെല്ലാം കൃത്യമായും തുടർച്ചയായും ജനങ്ങളുടെ മുന്നിൽ എത്തിച്ചു കൊണ്ടിരിക്കുകയാണ്. അവർ കൃത്യമായും പോലീസ് കമ്മീഷണർ ഓഫീസിൽ എത്തിച്ചേരുമെന്ന് മുൻകൂട്ടി അറിഞ്ഞവർ തന്നെയാണ് മുളകുപൊടിയുമായി കാത്തുനിന്നതെന്നും മന്ത്രി പറഞ്ഞു

വളരെ സമാധാനപരമായി നടക്കുന്ന ശബരിമല തീർഥാടനം ആരംഭിച്ച ശേഷം ശബരിമലയെ സംഘർഷഭരിതമാക്കാനും തീർഥാടനത്തെ ആക്ഷേപിക്കാനുമുള്ള പുറപ്പാടാണ് ഇതിന് പിന്നിലെന്ന് മനസ്സിലാക്കുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. 2019ലെ വിധിയിൽ അവ്യക്തതയുണ്ടെന്ന് നിയമവിദഗ്ധർ പോലും പറയുന്നുണ്ട്. 2018ലെ വിധിയിൽ മാറ്റം വന്നിട്ടുണ്ടോയെന്ന് വ്യക്തമല്ല. അവ്യക്തത മാറാത്ത സാഹചര്യത്തിൽ ഇത് ക്രമസമാധാനപ്രശ്‌നമാക്കി മാറ്റാനാണ് ചിലർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു

 

Share this story