ഇനി കൗമാരകലയുടെ മാമാങ്കം; 60ാമത് സ്‌കൂൾ കലോത്സവത്തിന് സപ്തഭാഷാ സംഗമഭൂമിയിൽ തുടക്കമായി

ഇനി കൗമാരകലയുടെ മാമാങ്കം; 60ാമത് സ്‌കൂൾ കലോത്സവത്തിന് സപ്തഭാഷാ സംഗമഭൂമിയിൽ തുടക്കമായി

60ാമത് കേരളാ സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് തുടക്കമായി. സപ്തഭാഷ സംഗമ ഭൂമിയായ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നടന്ന ചടങ്ങിൽ കവിത ചൊല്ലിയാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചത്.

നടൻ ജയസൂര്യ മുഖ്യാതിഥിയായി. മന്ത്രിമാരായ സി രവീന്ദ്രനാഥ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ എന്നിവർ സംബന്ധിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു കലോത്സവ നഗരിയിൽ പതാക ഉയർത്തി.

കുട്ടികളുടെ പഞ്ചാരിമേളമാണ് ആദ്യം അരങ്ങേറിയത്. കുട്ടികൾക്കൊപ്പം കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനും ചെണ്ട കൊട്ടിയത് കൗതുകകരമായി. 28 വേദികളിലായി 239 മത്സര ഇനങ്ങളാണ് അരങ്ങേറുന്നത്. 12,000 മത്സരാർഥികൾ കലോത്സവത്തിന് മാറ്റുരക്കാനെത്തുന്നു

കോൽക്കളി, മോഹിനിയാട്ടം, സംഘനൃത്തം, കുച്ചുപ്പിടി, ചവിട്ടുനാടകം, തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന മത്സരയിനങ്ങൾ. പഴയിടം മോഹനൻ നമ്പൂതിരിയുടെ 60 അംഗ സംഘമാണ് ഭക്ഷണപ്പുര സജീവമാക്കുന്നത്. ഒരേ സമയം 3000 പേർക്ക് കഴിക്കാവുന്ന ഊട്ടുപുരയാണ് സജ്ജമായിട്ടുള്ളത്.

 

Share this story