ലാത്തി എറിഞ്ഞുവീഴ്ത്തൽ; കർശന നടപടിയെന്ന് ഡിജിപി; ഇത്തരം പരിശോധനകൾ ആവർത്തിക്കരുത്

ലാത്തി എറിഞ്ഞുവീഴ്ത്തൽ; കർശന നടപടിയെന്ന് ഡിജിപി; ഇത്തരം പരിശോധനകൾ ആവർത്തിക്കരുത്

കൊല്ലം കടയ്ക്കലിൽ ബൈക്ക് യാത്രികനെ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തിയ സംഭവത്തിൽ കർശന നടപടിക്ക് ഡിജിപിയുടെ നിർദേശം. പോലീസിന്റെയോ സർക്കാരിന്റെയോ നയമല്ലിത്. ഇത്തരം പരിശോധനകൾ ആവർത്തിച്ചാൽ അതിന്റെ ഉത്തരവാദിത്വം ജില്ലാ പോലീസ് മേധാവിക്ക് മാത്രമായിരിക്കും. ഇതുസംബന്ധിച്ചുള്ള കർശന നിർദേശം നാളെ എസ് പിമാർക്ക് നൽകുമെന്നും ഡിജിപി പറഞ്ഞു

വാഹനപരിശോധന സംഘത്തിലുണ്ടായിരുന്ന പോലീസുകാരെ സ്ഥലം മാറ്റും. എഡിജിപി ഷേഖ് ദർവേസ് സാഹിബ് സംഭവം അന്വേഷിക്കും. റോഡിൽ പരുക്കേറ്റ് കിടന്നിട്ടും സിദ്ദിഖിനെ പോലീസ് ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ലാത്തിയെറിഞ്ഞ പോലീസുകാരൻ ചന്ദ്രമോഹനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് ഹെൽമെറ്റ് വേട്ടക്കിടെ പോലീസ് സിദ്ദിക്കിനെ ലാത്തി എറിഞ്ഞുവീഴ്ത്തിയത്. നിയന്ത്രണം വിട്ട ബൈക്ക് എതിർവശത്തുകൂടി വന്ന ഇന്നോവയിൽ ഇടിച്ചുതെറിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിദ്ദിഖ് അപകടനില തരണം ചെയ്തിട്ടുണ്ട്

 

Share this story