കോട്ടയത്ത് മധ്യവയസ്‌കന്‍ ഭാര്യയെ വെട്ടിക്കൊന്നു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ കീഴ്‌പ്പെടുത്തിയത് പോലീസ് എത്തിയ ശേഷം

കോട്ടയത്ത് മധ്യവയസ്‌കന്‍ ഭാര്യയെ വെട്ടിക്കൊന്നു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ കീഴ്‌പ്പെടുത്തിയത് പോലീസ് എത്തിയ ശേഷം

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. ഇതിന് പിന്നാലെ ഇയാള്‍ സ്വന്തം ശരീരം കീറി മുറിക്കുകയും ചെയ്തു. കോട്ടയം പുതുപ്പള്ളിക്കടുത്ത് കങ്ങഴക്കുന്നിലാണ് സംഭവം. കണ്ണൊഴുക്കത്തെ വീട്ടില്‍ ജോയ് തോമസ്(52) ആണ് ഭാര്യ സാറാമ്മ(50)യെ വെട്ടിക്കൊന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സാറാമ്മക്ക് ഫോണ്‍ വന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാക്കേറ്റത്തിനൊടുവില്‍ ക്ഷുഭിതനായ ജോയ് സാറാമ്മയെ കോടാലി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിലും തലയിലുമാണ് വെട്ടേറ്റത്

ശബ്ദം കേട്ട് ജോയിയുടെ അമ്മ ഓടിയെത്തിയപ്പോള്‍ സ്വന്തം വൃഷ്ണം ഇയാള്‍ മുറിച്ചെറിയുകയും ഇരുകാലുകള്‍ക്കും മുറിവേല്‍പ്പിക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരെയും ഇയാള്‍ കോടാലി വീശി പേടിപ്പിച്ചു. രക്തമൊലിപ്പിച്ച് മൃതദേഹത്തിന് സമീപം ഇയാള്‍ അക്രമാസക്തനായി നില്‍ക്കുകയായിരുന്നു

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴും ഇയാള്‍ കോടാലി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൂടുതല്‍ പോലീസുകാരെത്തിയാണ് ജോയിയെ കീഴ്‌പ്പെടുത്തി ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോയത്. ജോയിക്കും സാറാമ്മക്കും രണ്ട് മക്കളാണുള്ളത്

 

Share this story