കോസ്റ്റുഗാര്‍ഡ് അക്കാദമി നഷ്ടപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിചാരി കേന്ദ്രമന്ത്രി വി മുരളീധരന്‍

കോസ്റ്റുഗാര്‍ഡ് അക്കാദമി നഷ്ടപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിചാരി കേന്ദ്രമന്ത്രി വി മുരളീധരന്‍

കണ്ണൂര്‍ അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാനത്തിന്റെ നിഷേധാത്മക നിലപാടാണ് അക്കാദമി നഷ്ടപ്പെടുത്തിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു

നാല് വര്‍ഷമായി പകരം സ്ഥലം കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സംസ്ഥാനം പകരം സ്ഥലം കണ്ടെത്തിയില്ല. നിര്‍മല സീതാരാമന്‍ മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിച്ചതാണെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി.

എട്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതി ഇനി പ്രതീക്ഷിക്കേണ്ടെന്നായിരുന്നു കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയില്‍ അറിയിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നിഷേധിച്ചതാണെന്ന് എളമരം കരീം എംപിക്ക് മന്ത്രി രേഖാമൂലം അറിയിക്കുകയായിരുന്നു.

2011ല്‍ അന്നത്തെ പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് കോസ്റ്റുഗാര്‍ഡ് അക്കാദമിക്ക് തറക്കല്ലിട്ടത്. കിന്‍ഫ്രക്കായി ഏറ്റെടുത്ത ഭൂമിയില്‍ നിന്ന് 164 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കിയതുമാണ്. എന്നാല്‍ തീരദേശ നിയന്ത്രണ അതോറിറ്റി ഇതിനെ എതിര്‍ത്തു. ഈ സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി പറയുന്നു.

കോസ്റ്റല്‍ അക്കാദമി മംഗലാപുരത്തേക്ക് മാറ്റാന്‍ കേന്ദ്രം നേരത്തെ തന്നെ തീരമാനിച്ചിരുന്നു. അക്കാദമി മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതുമാണ്. എന്നാല്‍ സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്.

 

Share this story