മന്ത്രിസഭ പൊളിച്ചുപണിയാനൊരുങ്ങി പിണറായി സർക്കാർ; പുതുമുഖങ്ങൾ മന്ത്രിപദത്തിലേക്ക്

മന്ത്രിസഭ പൊളിച്ചുപണിയാനൊരുങ്ങി പിണറായി സർക്കാർ; പുതുമുഖങ്ങൾ മന്ത്രിപദത്തിലേക്ക്

പിണറായി സർക്കാർ മന്ത്രിസഭാ പുന:സംഘടനയിലേക്കെന്ന് റിപ്പോർട്ട്. സിപിഎം മന്ത്രിമാരെ മാറ്റി പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് നീക്കം. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ സി മൊയ്തീനും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും മന്ത്രിസഭയിൽ നിന്ന് പോകുമെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനാരിക്കെയാണ് പുതിയ മന്ത്രിയെ വകുപ്പിലേക്ക് കൊണ്ടുവരുന്നത്. തെരഞ്ഞെടുപ്പിന്റെ മുമ്പായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായാണ് ടി പി രാമകൃഷ്ണനെയും എ സി മൊയ്തീനെയും മാറ്റുന്നത്. മൂന്ന് മുതൽ അഞ്ച് വരെ പുതുമുഖങ്ങളെ മന്ത്രിസഭയിൽ എത്തിക്കാനാണ് നീക്കം

സ്പീക്കർ സ്ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്ണനെ മാറ്റി മന്ത്രിസഭയിലേക്ക് കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. സുരേഷ് കുറുപ്പോ, രാജു എബ്രഹാമോ പകരം സ്പീക്കറാകും. വനിതാ മന്ത്രിമാർക്ക് മാറ്റമുണ്ടാകില്ല. പകരം ഒരു വനിതാ മന്ത്രിയെ കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തും.

തോമസ് ഐസക്, എംഎം മണി, സി രവീന്ദ്രനാഥ്, കെ ടി ജലീൽ, ജി സുധാകരൻ തുടങ്ങിയവർ തുടരും. അതേസമയം ഇ പി ജയരാജൻ, എ കെ ബാലൻ എന്നിവർ സ്വയം ഒഴിയാൻ തയ്യാറായാൽ ഇവരെ മാറ്റും. കടകംപള്ളി സുരേന്ദ്രനെയും മന്ത്രിസഭയിൽ നിന്ന് മാറ്റാൻ സാധ്യത കൂടുതലാണ്.

ഘടകകക്ഷിയിൽ നിന്നും ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്ത് കൊണ്ടുവരാനും സാധ്യതകളുണ്ട്. പുതുമുഖങ്ങളിൽ എം സ്വരാജ്, എ എൻ ഷംസീർ, സി കെ ശശീന്ദ്രൻ എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Share this story