മാർക്ക് ദാന വിവാദം: കെ ടി ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് ഗവർണർക്ക് റിപ്പോർട്ട്; നടപടിയുണ്ടായേക്കും

മാർക്ക് ദാന വിവാദം: കെ ടി ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് ഗവർണർക്ക് റിപ്പോർട്ട്; നടപടിയുണ്ടായേക്കും

കേന്ദ്ര സങ്കേതിക സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് സ്ഥിരീകരിച്ച് ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ട്. വിവാദ മാർക്ക് ദാനത്തിലാണ് റിപ്പോർട്ട്. ബിടെക് വിദ്യാർഥിയെ ജയിപ്പിക്കാനുള്ള ഇടപെടൽ അധികാരം ദുർവിനിയോഗം ചെയ്‌തെടുത്ത നടപടിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു

റിപ്പോർട്ട് ഗവർണർക്ക് കൈമാറി. കൊല്ലം ടികെഎം എൻജിനീയറിംഗ് കോളജിലെ മെക്കാനിക്കൽ വിദ്യാർഥിയെ മന്ത്രി അദാലത്തിൽ ഇടപെട്ട് ജയിപ്പിച്ചെന്നായിരുന്നു പരാതി. വിദ്യാർഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിർണയം നടത്താനുള്ള തീരുമാനം വി സി അംഗീകരിക്കാൻ പാടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു

മന്ത്രി ഇടപെട്ട് മൂന്നാമതും മൂല്യനിർണയം നടത്തിയത് അധികാര ദുർവിനിയോഗമാണ്. ബിടെക് പരീക്ഷയിൽ തോറ്റ വിദ്യാർഥിയുടെ ഉത്തരക്കടലാസുകൾ മൂന്നാം തവണയും മൂല്യനിർണയം നടത്തുന്നത് സർവകലാശാലയുടെ ചട്ടങ്ങളിലില്ല

മാനുഷിക പരിഗണനയുടെ പേരിലാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടതെന്നായിരുന്നു സർവകലാശാല വിശദീകരിച്ചത്. എന്നാൽ ഗവർണറുടെ സെക്രട്ടറി ഈ വാദം തള്ളുകയായിരുന്നു. റിപ്പോർട്ട് ഗവർണർ പരിശോധിച്ചുവരികയാണ്. ഇതിന് ശേഷം നടപടിയുണ്ടാകുമെന്ന് രാജ്ഭവൻ അറിയിച്ചു.

Share this story