പോരാടി നേടിയ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ ശ്രമം: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി

പോരാടി നേടിയ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ ശ്രമം: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി

പൗരത്വ ഭേദഗതി ബിൽ ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തിന് നേരെയുള്ള കടന്നാക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്നതും പരിഗണിക്കുന്നതും ഭരണഘടനയെ നിരസിക്കലാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു

കുറിപ്പിന്റെ പൂർണരൂപം

ഇന്ത്യയുടെ മതനിരപേക്ഷ – ജനാധിപത്യ സ്വഭാവത്തിനുനേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബില്‍.

ഇന്ത്യക്കാരായ എല്ലാവര്‍ക്കും മതത്തിന്‍റെയോ ജാതിയുടെയോ ഭാഷയുടെയോ സംസ്കാരത്തിന്‍റെയോ ലിംഗത്തിന്‍റെയോ തൊഴിലിന്‍റെയോ ഒന്നും ഭേദവിചാരങ്ങളില്ലാതെ ഇന്ത്യന്‍ പൗരത്വം ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. ആ ഉറപ്പാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ ഇല്ലാതാവുക. പൗരത്വം മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്നതും പരിഗണിക്കുന്നതും ഭരണഘടനയെ നിരസിക്കലാണ്. ജനങ്ങളെ വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിനാണ് ശ്രമം. ഇന്ത്യന്‍ സമൂഹത്തിന്‍റെ മതനിരപേക്ഷമായ ഐക്യത്തെ ചോര്‍ത്തിക്കളയുന്നതാണ് അസാധാരണമായ വാശിയോടെയും തിടുക്കത്തോടെയും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ പാസാക്കിയ ബില്‍.

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് കുടിയേറുന്നവരില്‍ മുസ്ലിങ്ങളെ ഒഴിച്ചുനിര്‍ത്തുകയാണ്. മനുഷ്യരെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് ചിലര്‍ക്കുമാത്രം അവകാശങ്ങള്‍ നിഷേധിക്കുന്നത് സാമാന്യനീതിയുടെ തന്നെ നിഷേധമാണ്. മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നെത്തുന്ന ആറ് മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം അനുവദിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. ഈ രണ്ട് മാനദണ്ഡങ്ങളും ഒഴിവാക്കപ്പെടണം. ബില്ലില്‍ പറയുന്ന മൂന്നു രാജ്യങ്ങളില്‍ നിന്നല്ലാതെ ശ്രീലങ്കയില്‍ നിന്നുള്‍പ്പെടെ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട് എന്നത് സംഘപരിവാറിന് അറിയാത്തതല്ല.
സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാര്‍ താല്‍പര്യമാണ് ഈ ഭേദഗതിബില്ലിന് അടിസ്ഥാനം. ഭരണഘടനയിലെ പൗരത്വം സംബന്ധിച്ച അനുഛേദങ്ങളും മൗലിക അവകാശങ്ങളുമെല്ലാം ലംഘിക്കപ്പെടുകയാണിവിടെ.

ഇന്ത്യ ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളുടേതുമാണ്. അങ്ങനെയല്ല എന്നു വരുത്തിത്തീര്‍ക്കുന്നത് ഈ നാടിനെ പിന്നോട്ടടിക്കാനേ ഉപകരിക്കൂ. നാം പോരാടി നേടിയ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയേ ചെയ്യൂ. അതൊരിക്കലും അനുവദിച്ചുകൂട.

Share this story