നടിയെ ആക്രമിച്ച കേസ്: ഡിജിറ്റൽ തെളിവുകൾ പ്രതിയായ ദിലീപിന് കൈമാറാനാകില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസ്: ഡിജിറ്റൽ തെളിവുകൾ പ്രതിയായ ദിലീപിന് കൈമാറാനാകില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ ഡിജിറ്റൽ തെളിവുകൾ ദിലീപിന് കൈമാറാനാകില്ലെന്ന് വിചാരണ കോടതി. ഡിജിറ്റൽ തെളിവുകൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി കോടതി തള്ളി.

ദിലീപിനോ അഭിഭാഷകർക്കോ തെളിവുകൾ പരിശോധിക്കാം. പക്ഷേ കൈമാറാനാകില്ലെന്നാണ് കോടതി ഉത്തരവ്. സാക്ഷികളിൽ നിന്നും പ്രതികളിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകളുടെ പകർപ്പാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്.

ലാപ്‌ടോപ്, മൊബൈൽ ഫോൺ അടക്കമാണ് കേസിലെ ഡിജിറ്റൽ തെളിവുകൾ. സ്വകാര്യമായ ദൃശ്യങ്ങളും തെളിവുകളുടെ ഭാഗമായുണ്ട്. ഇത് ദിലീപിന് കൈമാറുന്നത് സാക്ഷികളെയടക്കം സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും ഇടയാക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു

നേരത്തെ നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും ദിലീപ് കോടതികളെ സമീപിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ദിലീപിന്റെ ഹർജികൾ തള്ളുകയായിരുന്നു. കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ ഇത് വൈകിക്കുകയാണ് താരത്തിന്റെ ലക്ഷ്യമെന്ന് സംശയിക്കപ്പെടുന്നു

 

Share this story