കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാമെന്ന് ആരും വിചാരിക്കേണ്ട; നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി

കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാമെന്ന് ആരും വിചാരിക്കേണ്ട; നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറയുന്നത് കേരളത്തിൽ വിലപ്പോവില്ലെന്നും നിയമത്തിന്റെ ഹുങ്ക് ഇവിടെ കാണിക്കാമെന്ന് ധരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആളുകളെ വർഗീയമായി ചേരിതിരിച്ച് ഭരണഘടന തകർക്കുകയാണ് ലക്ഷ്യമെന്നും ഭരണഘടന സംരക്ഷിക്കണമെന്നുള്ളവർ ഒറ്റക്കെട്ടായി പോരാടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്തു വാർത്തയാണ് മാധ്യമങ്ങൾ നൽകേണ്ടതെന്ന് ഭരണകൂടം തീരുമാനിക്കുന്ന കാലമാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വലിയ വെല്ലുവിളികളാണ് മാധ്യമ പ്രവർത്തകർ നേരിടുന്നത്. പത്രപ്രവർത്തന സ്വാതന്ത്ര്യം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഒപ്പമുണ്ടാവും. പത്രപ്രവർത്തന മേഖലയിൽ സ്ഥിരം തൊഴിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമസ്ഥാപനങ്ങളിലെ കരാർ ജീവനക്കാർ വലിയ സമ്മർദ്ദം നേരിടുന്നുണ്ട്. ഇത് മുൻകൂട്ടി പറഞ്ഞപ്പോൾ പരിഹസിച്ചവരുണ്ടെന്നും ഇപ്പോൾ ഇവർക്ക് തിരിച്ചറിവുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story